ചെന്നൈ : ബംഗാൾ ഉൾക്കടലിൽ ഈ മാസം 24 -ഓടുകൂടി ന്യൂനമർദം രൂപപ്പെടുമെന്നും അതിനാൽ ഞായറാഴ്ച മുതൽ മൂന്ന് ദിവസം തമിഴ്‌നാട്ടിൽ വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പശ്ചിമഘട്ടത്തോട് ചേർന്നുള്ള ജില്ലകളിലും കാവേരി നദിതീര ജില്ലകളിലും മഴ പെയ്യും. തമിഴ്‌നാട്ടിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ പെയ്യുമ്പോൾ ഇടിമിന്നലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ സമയത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പാടില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ കനത്ത് പെയ്യാൻ സാധ്യതയുള്ളതിനാൽ ഊട്ടി, കൊടൈക്കനാൽ, തേക്കടി, തെങ്കാശി, ഹൊഗനക്കൽ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന റവന്യുവകുപ്പ് അധികൃതർ അഭ്യർഥിച്ചു.
കടലേറ്റത്തിന് സാധ്യതയുള്ളതിനാൽ കടൽക്കരയിലേക്ക് പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. കനത്തമഴ പെയ്യാൻ സാധ്യതയുള്ളതിനാൽ 32 ജില്ലകളിൽ ദുരന്ത നിവാരണസേന സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്.