ചെന്നൈ : എഗ്മോർ റെയിൽവേസ്റ്റേഷനിൽനിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി ആർ.പി.എഫ്. സേനാംഗങ്ങൾ രക്ഷിതാക്കളെ ഏല്പിച്ചു.
തെലങ്കാനയിൽനിന്ന് ചെന്നൈ കാണാനെത്തിയ കുടുംബത്തിലെ കുട്ടിയൊണ് റെയിൽവേസ്റ്റേഷന്റെ വിശ്രമമുറിയിൽനിന്ന് കാണാതായത്.
പോലീസ് നടത്തിയ തിരച്ചിലിൽ കുട്ടിയെ ബേസിൻ ബ്രിഡ്ജ് റെയിൽവേസ്റ്റേഷനിൽ ആർ.പി.എഫ്. എസ്.ഐ.യായ ബാബുലാൽ മീണ കണ്ടെത്തി.
കുട്ടിയെ തട്ടികൊണ്ടുപോയയാളെ പിടികൂടാനായിട്ടില്ല. 30 വയസ്സ് പ്രായംതോന്നിക്കുന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി ആർ.പി.എഫ്. എഗ്മോർ ഇൻസ്പെക്ടർ ശിവസേനൻ പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിൽ മൊബൈൽഫോണുണ്ടായിരുന്നു. രക്ഷപ്പെടുത്തിയ സമയത്ത് കുട്ടിയുടെ കൈയിൽ മൊബൈൽഫോണുണ്ടായിരുന്നില്ലെന്നും ആർ.പി.എഫ്. സേനാംഗങ്ങൾ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ എല്ലാ ആർ.പി.എഫ്. സ്റ്റേഷനുകളിലേക്കും റെയിൽവേ പോലീസിനും അയച്ചുകൊടുത്തിട്ടുണ്ട്.