ചെന്നൈ : ചെന്നൈയിൽ അഞ്ചു മാസത്തിനിടയിൽ നടന്നത് 1300-ലധികം സൈബർ തട്ടിപ്പുകൾ. പലർക്കും പതിനായിരങ്ങളും ലക്ഷങ്ങളും കോടികളും വരെ നഷ്ടമായിട്ടുണ്ട്.
തനിച്ചു താമസിക്കുന്ന വയോധികർ, ഉയർന്ന വരുമാനമുള്ളവർ, സ്ത്രീകൾ എന്നിവരെയാണ് തട്ടിപ്പുകാർ കൂടുതലും ലക്ഷ്യമിടുന്നത്.
ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ചതിക്കുഴിയിലകപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ചെന്നൈ സിറ്റി പോലിസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡ് മുന്നറിയിപ്പു നൽകി.
ഈ വർഷം ജനുവരി മുതൽ ഇതുവരെ 1336 സൈബർ തട്ടിപ്പുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അജ്ഞാത നമ്പറുകളിൽനിന്ന് വരുന്ന വിളികളിലൂടെയാണ് തട്ടിപ്പു തുടങ്ങുക.
ബ്ലൂഡാർട്ട് പോലുള്ള കൂറിയർ കമ്പനികളുടെ പ്രതിനിധികളെന്നൊക്കെ പരിചയപ്പെടും. ചിലർ പോലീസുകാരാണെന്ന വ്യാജേനയും ആളുകളിലേക്ക് എത്തുന്നുണ്ട്.
ഫോണിൽ സംസാരിച്ച ശേഷം ആധാർ നമ്പർ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ശേഖരിച്ച ശേഷം പല തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് സൈബർ തട്ടിപ്പു സംഘത്തിന്റെ പ്രവർത്തന രീതിയെന്ന് പോലീസ് പറഞ്ഞു.
തട്ടിപ്പിനിരയായ പലരുടെപേരിലും അവരുടെ അറിവോടെയല്ലാതെ വായ്പകളെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
അപരിചിതമായ നമ്പറുകളിൽനിന്ന് വരുന്ന ഫോൺ കോളുകളെ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും സിറ്റി പോലീസ് കമ്മിഷണർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സൈബർ തട്ടിപ്പു സംബന്ധിച്ച പരാതികൾ 1930 എന്ന നമ്പറിൽ വിളിച്ചറിയിക്കാമെന്നും കമ്മിഷണർ അറിയിച്ചു.