ചെന്നൈ : ഡിജി യാത്ര പദ്ധതിയുടെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉടൻ അവതരിപ്പിക്കും.
യാത്രക്കാരുടെ മുഖം തിരിച്ചറിയുന്നതുവഴി സുരക്ഷാ പരിശോധനയുടെ സമയം കുറയ്ക്കാനുതകുന്ന ഈ സാങ്കേതികത ജൂണിൽ നടപ്പാക്കുമെന്ന് ഡിജിയാത്ര ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.
ഇതോടെ, ഈ സൗകര്യം ഏർപ്പെടുത്തുന്ന രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ ചെന്നൈയും ഇടംപിടിക്കും. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ മാർച്ച് 31-ന് ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചത്.
എന്നാൽ, വ്യോമസുരക്ഷാ ഏജൻസിയുടെ അനുമതി വൈകിയതിനാൽ അതിനു സാധിച്ചില്ല. പുതിയ സാങ്കേതികവിദ്യ നിലവിൽ വന്നാൽ ടിക്കറ്റും തിരിച്ചറിയൽ കാർഡും കാണിച്ച് പരിശോധന പൂർത്തിയാക്കാം.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ബാഗേജ് പരിശോധന മാത്രമാണുണ്ടാവുക. വിമാനത്താവളങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്താനും ഇതിലൂടെ സാധ്യമാകും.
കഴിഞ്ഞവർഷമാണ് വിവിധ വിമാനത്താവളങ്ങളിൽ ഡിജിയാത്ര സൗകര്യം ഏർപ്പെടുത്താൻ ആരംഭിച്ചത്.
ലക്ഷക്കണക്കിന് യാത്രക്കാർക്കാണ് ഇതിനകം ഇതിന്റെ പ്രയോജനം ലഭിച്ചത്. പദ്ധതിക്ക് അനുമതി നൽകുന്നതിൽ വിവിധ മന്ത്രാലയങ്ങൾ ഉൾപ്പെട്ടതിനാലും ഓരോ വിമാനത്താവളത്തിനും പ്രത്യേകാനുമതി തേടണമെന്ന വ്യവസ്ഥയുള്ളതിനാലും പലയിടത്തും പദ്ധതി നടപ്പാക്കാൻ കാലതാമസം നേരിടുന്നുണ്ട്.