ചെന്നൈ : എഗ്‌മോറിൽനിന്ന് ബീച്ചിലേക്കുള്ള നാലാം പാതയുടെ നിർമാണം പുരോഗതിയിൽ. 4.3 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന നാലാം റെയിൽവേ പാതയ്ക്കായി പൊളിച്ച പാർക്ക് ടൗൺ സ്റ്റേഷന്റെ പുനർനിർമാണം പുരോഗമിക്കുന്നു.
നാലാംപാത നിർമിക്കുന്നതിന്റെ ഭാഗമായി പാർക്ക് ടൗൺ സബർബൻ റെയിൽവേ സ്റ്റേഷൻ പൊളിച്ചിരുന്നു. സ്റ്റേഷന്റെ പുനർനിർമാണം പുരോഗമിക്കുകയാണ്. മേൽക്കൂര നിർമിക്കുന്ന പണി നടന്നുവരികയാണ്.
ചെന്നൈ ഫോർട്ട്, ചെന്നൈ ബീച്ച് എന്നീ സബർബൻ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായി നാലാം റെയിൽപ്പാതയുടെ നിർമാണം നടക്കുന്നു.
ഓഗസ്റ്റിനുമുമ്പ് നിർമാണം പൂർത്തീകരിക്കണമെന്നാണ് ദക്ഷിണ റെയിൽവേ കോൺട്രാക്ടറോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽതന്നെ നിർമാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സംസ്ഥാനസർക്കാരിൽനിന്ന് സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസം നാലാംപാതയുടെ നിർമാണം നീണ്ടുപോകുന്നതിന് കാരണമായി.
സ്ഥലം വിട്ടുകിട്ടിയതോടെ നിർമാണം പൂർത്തിയാക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയിരിക്കയാണ്. എഗ്‌മോർ-ചെന്നൈ ബീച്ച് നാലാം പാതയുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ വേളാച്ചേരിയിൽനിന്ന് ചെന്നൈ ബീച്ച് വരെയുള്ള മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം( എം.ആർ.ടി.എസ്) സബർബൻ സർവീസ് ചിന്താദിരിപ്പേട്ട റെയിൽവേ സ്റ്റേഷൻ വരെയാക്കി ചുരുക്കിയിരുന്നു.