ചെന്നൈ : ഈവർഷം അഞ്ചുമാസത്തിനിടയിൽ തമിഴ്നാട്ടിലേക്കെത്തിയത് ഏഴുലക്ഷം കോടിയുടെ നിക്ഷേപം. ഇതിലൂടെ മൂന്നുദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു.
വിൻഫാസ്റ്റ്, ടാറ്റ പവർ, ആപ്പിൾ വിതരണക്കാരായ ഫോക്സ്കോൺ, ടാറ്റ ഇലക്ട്രോണിക്സ്, പെഗാട്രോൺ തുടങ്ങിയ വൻകിടക്കാരാണ് തമിഴ്നാട്ടിൽ നിക്ഷേപമിറക്കാൻ രംഗത്തെത്തിയത്.
ഈവർഷംനടന്ന നിക്ഷേപകസംഗമത്തിൽ ഗുജറാത്തിന് 26.33 ലക്ഷം കോടിയുടെ നിക്ഷേപ നിർദേശങ്ങൾ ലഭിച്ചെങ്കിലും ഭൂരിഭാഗവും അന്തിമമായിട്ടില്ല.
അതേസമയം, തമിഴ്നാട്ടിൽ നിക്ഷേപമുറപ്പിച്ച കമ്പനികളെല്ലാം കരാർ ഒപ്പുവെച്ചതായും ചിലതിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും വ്യവസായവകുപ്പ് അധികൃതർ അറിയിച്ചു.
ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾ നിർമിക്കാൻ ഫോക്സ്കോണുമായി ചർച്ചകൾ അന്തിമമായിട്ടുണ്ട്. ഉടൻ സംരംഭം ആരംഭിക്കും.
ഊർജമേഖലയിലേക്കായി ടാറ്റാ പവർ 70,000 കോടി രൂപയാണ് നിക്ഷേപിച്ചത്. റാണിപ്പേട്ടിലെ പുതിയ വാഹനനിർമാണ യൂണിറ്റിലേക്ക് ടാറ്റ മോട്ടോഴ്സ് 9000 കോടി നിക്ഷേപിക്കും.
തൂത്തുക്കുടിയിലെ സംയോജിത വൈദ്യുതവാഹന നിർമാണ യൂണിറ്റിൽ വിൻഫാസ്റ്റ് നാലായിരം കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്.
പെഗാട്രോണിന്റെ കംപ്യൂട്ടിങ്, കമ്യൂണിക്കേഷൻ, കൺസ്യൂമർ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റ് ചെങ്കൽപ്പെട്ടിലാണ് വരുന്നത്. ചെന്നൈ, ശ്രീപെരുംപുദൂർ, ഹൊസൂർ, കോയമ്പത്തൂർ, തൂത്തുക്കുടി എന്നിവിടങ്ങളാണ് നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്ന ഇടങ്ങൾ.
ഇലക്ട്രോണിക്സ്, വാഹനനിർമാണം തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് തമിഴ്നാട്ടിൽ നിക്ഷേപമിറക്കാൻ കൂടുതൽ താത്പര്യം കാട്ടുന്നത്.
വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും ആവശ്യമായ അനുമതികൾ ലഭ്യമാക്കി പ്രവർത്തനം തുടങ്ങുന്നതിനും എല്ലാവിധ സഹകരണവും സർക്കാർ നൽകുന്നുണ്ടെന്ന് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു.