ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മറ്റു നേതാക്കളുമായി കൂടിയാലോചിക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന തമിഴ്നാട് ബി.ജെ.പി. പ്രസിഡന്റ് അണ്ണാമലൈയ്ക്കെതിരേ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുന്നു.
പരസ്പരബഹുമാനമില്ലാതെ മറ്റു രാഷ്ട്രീയപ്പാർട്ടികൾക്കും നേതാക്കൾക്കുമെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ബി.ജെ.പി.യുടെ സൽപ്പേര് ഇല്ലാതാക്കുമെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
അണ്ണാ ഡി.എം.കെ. സഖ്യത്തിൽനിന്ന് പുറത്തുവന്ന ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. സ്വന്തം തീരുമാനങ്ങൾക്ക് തിരിച്ചടി നേരിട്ടിട്ടും നിലപാട് മാറ്റാത്ത അണ്ണാമലൈ അണ്ണാ ഡി.എം.കെ.യ്ക്കെതിരേ പ്രസ്താവന നടത്തുന്നതിലൂടെ എന്ത് നേട്ടമാണുണ്ടാകുകയെന്ന് പ്രവർത്തകർ ചോദിക്കുന്നു.
അണ്ണാമലൈ ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ നേതൃമാറ്റം അനിവാര്യമാണെന്നും പ്രവർത്തകർക്കിടയിൽ സ്വീകാര്യനായ നേതാവിനെ പ്രസിഡന്റാക്കണമെന്നും അണികൾ ആവശ്യപ്പെടുന്നു.
ബി.ജെ.പി.യുടെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകണമെന്ന് അണ്ണാമലൈ നിർബന്ധം പിടിച്ചതാണ് അണ്ണാ ഡി.എം.കെ. സഖ്യം ഒഴിവാക്കാൻ കാരണമെന്നാണ് ജില്ലാനേതാക്കൾ പറയുന്നത്.
ദ്രാവിഡ സംസ്കാരത്തെ എതിർത്ത് മുന്നോട്ടുപോകുന്നതിലൂടെ ബി.ജെ.പി.ക്ക് തമിഴ്നാട്ടിൽ സീറ്റ് നേടാൻ കഴിയില്ലെന്നും പ്രവർത്തകർ പറഞ്ഞു.