തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക; മഴക്കാലത്ത് പകർച്ചവ്യാധികളെ ചെറുക്കാൻ മുന്നൊരുക്കവുമായി പൊതുജനാരോഗ്യവകുപ്പ്

0 0
Read Time:2 Minute, 55 Second

ചെന്നൈ : മഴയെത്തുടർന്ന് പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ നടപടികൾ ശക്തമാക്കി പൊതുജനാരോഗ്യവകുപ്പ്.

പകർച്ചവ്യാധികൾ ചെറുക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.

പൊതുജനങ്ങൾ ചികിത്സതേടിയെത്തുന്ന ആശുപത്രികൾ വൃത്തിയോടെ പരിപാലിക്കാൻ പ്രത്യേക നിർദേശമുണ്ട്. ആശുപത്രിപരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണം.

വെള്ളക്കെട്ടുകൾ ഇല്ലെന്ന് ഉറപ്പാക്കണം. മുഴുവൻ സമയവും വൈദ്യുതിയുണ്ടാകണം. വൈദ്യുതി തടസ്സം പരിഹരിക്കാൻ പവർ ബാക്കപ്പ് സൗകര്യവും ഒരുക്കണം.

ആശുപത്രിമാലിന്യങ്ങൾ സുരക്ഷിത ഇടങ്ങളിൽമാത്രം തള്ളണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും നിയമം ബാധകമാണ്.

കൊതുകുകൾ വളരാതിരിക്കാൻ ആശുപത്രിവളപ്പിലെ മഴവെള്ള ഓടകൾ വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കണം.

ക്ലോറിനേഷൻ, ഖരമാലിന്യ സംസ്കരണം, അണുനശീകരണം, കൊതുക് നിയന്ത്രണത്തിനായി ഫോഗിങ് തുടങ്ങിയവ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും സഹകരിച്ചുനടത്തണം.

ആവശ്യത്തിനുള്ള ഡോക്ടർമാരും നഴ്‌സുമാരും മറ്റുജീവനക്കാരും ആശുപത്രിയിലുണ്ടെന്ന് ഉറപ്പാക്കണം.

ഭക്ഷണത്തിൽ മായംകലർന്നുള്ള ആരോഗ്യപ്രശ്നങ്ങളും കൂടുന്നുണ്ട്. ഇത്‌ തടയാൻ ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും സംസ്ഥാന ഭക്ഷ്യവകുപ്പിന്‌ നിർദേശംനൽകി.

ആസ്മ, ബ്രോങ്കൈറ്റിസ്, വയറിളക്കം, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ രോഗലക്ഷണങ്ങൾ കണ്ടാലുടൻ ആശുപത്രിയിൽ ചികിത്സതേടണം.

സംസ്ഥാനത്ത് ഈവർഷം ഇതുവരെയായി 4,500 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ചിലയിനം കൊതുകുകൾ ശുദ്ധജലത്തിലും പെരുകുന്നുണ്ട്.

അതിനാൽ വീടുകളിൽ കുടിവെള്ള ടാങ്കുകൾ വൃത്തിയാക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.

തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കണമെന്നും അജ്ഞാത സ്രോതസ്സുകളിൽനിന്നുള്ള കുപ്പിവെള്ളം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts