രാഹുലിന് പകരം വയനാട് ആരു വരും?

0 0
Read Time:4 Minute, 47 Second

കൽപറ്റ: രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയെക്കുറിച്ചു ചർച്ച കൊഴുക്കുന്നു.

ഔദ്യോഗികമായി ഒരു ചർച്ചയും തൽക്കാലം വേണ്ട എന്ന നിലപാടിലാണു നേതൃത്വമെങ്കിലും പല കോണുകളിൽനിന്നു പല പേരുകളാണ് ഉയർന്നു വരുന്നത്.

എം.എം.ഹസൻ മുതൽ വി.ടി.ബൽറാം വരെയുള്ളവരുെട പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.

ബുധനാഴ്ച രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുന്ന വേളയിൽ വയനാട് ഒഴിയുമെന്ന കാര്യം പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. 17ന് രാജി സമർപ്പിക്കും.

ആറ് മാസത്തിനുള്ളിലായിരിക്കും ഉപതിരഞ്ഞെടുപ്പ്. അതിനാൽ തിരക്കിട്ട് സ്ഥാനാർഥി ചർച്ചകളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണു നേതൃത്വം.

കേരളം കുടുംബം; ആവർത്തിച്ച് രാഹുൽ

ടി.സിദ്ദിഖ്, എ.പി.അനിൽകുമാർ തുടങ്ങി വയനാട്ടിലെ കോൺഗ്രസ് നേതാക്കൻമാർ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ് നടത്തിയിരുന്നു.

ചക്കപ്പഴവുമായാണ് വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ രാഹുൽ ഗാന്ധിയെ കാണാൻ എത്തിയത്. കൂടിക്കാഴ്ചയുടെ വിഡിയോ രാഹുൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ വിഡിയോയുടെ അടിക്കുറിപ്പിലും കേരളത്തിലെ എന്റെ പ്രിയ കുടുംബം എന്നാണു രാഹുൽ വിശേഷിപ്പിച്ചത്.

വ്യക്തിപരമായി രാഹുലിനു വയനാട് വിടാൻ താൽപര്യമില്ലെന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനം എടുത്തതുപോലും അവസാന നിമിഷത്തിലാണ്.

അതും സോണിയ ഗാന്ധിയുടെയും ഇന്ത്യ സഖ്യത്തിലെ മറ്റ് മുന്നണി നേതാക്കൻമാരുടെയും നിർബന്ധപ്രകാരമാണെന്നും ഇവർ പറയുന്നു.

റായ്ബറേലിയിൽ വൻ ഭൂരിപക്ഷത്തോടെ രാഹുൽ ജയിച്ചതും ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ ശക്തി ക്ഷയിച്ചതും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഊർജം പകരുന്നതാണ്.

ആ സാഹചര്യത്തിൽ ഹിന്ദി ഹൃദയഭൂമിയിൽനിന്ന് രാഹുൽ പ്രവർത്തനം ദക്ഷിണേന്ത്യയിലേക്കു മാറ്റുന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമല്ല എന്നതാണു പൊതുവിലയിരുത്തൽ.

മറ്റു കക്ഷികളുൾപ്പെടെ രാഹുൽ റായ്ബറേലിയിൽ തുടരണമെന്നാണു താൽപര്യപ്പെടുന്നത്. അതിനാൽ വയനാട് രാജിവയ്ക്കുക എന്നല്ലാതെ രാഹുലിനു മുന്നിൽ മറ്റ് മാർഗമില്ല.

സ്ഥാനാർഥി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം

നിലവിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു യാതൊരു ചർച്ചകൾക്കും വഴിതുറക്കേണ്ടതില്ലെന്നാണു പാർട്ടി തീരുമാനം.

തിരഞ്ഞെടുപ്പിനു ഡിസംബർവരെ സമയമുണ്ട്. അതിനിടെ ദേശീയ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നു കോൺഗ്രസ് നേതൃത്വം കരുതുന്നു.

അതിനാൽ, ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ കൂടി കണക്കിലെടുത്ത് മാത്രമേ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകൂ.

വ്യക്തിപരമായി രാഹുൽ ഗാന്ധിക്ക് വയനാടിനോടു വലിയ താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ താൽപര്യംകൂടി കണക്കിലെടുത്തശേഷം മാത്രമേ സ്ഥാനാർഥി ചർച്ചകളിലേക്കു കടക്കുകയുള്ളു.

പല പേരുകളും ഉയർന്നുവരുന്നുവെങ്കിലും തൽക്കാലും അതിനു ചെവികൊടുക്കേണ്ടെന്ന നിലപാടിലാണു നേതൃത്വം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts