ചെന്നൈ : ഇന്ത്യയിൽനിന്നുള്ള വിദ്യാർഥി വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ചെന്നൈയിലെ യു.എസ്. കോൺസുലർ ടീം അറിയിച്ചു.
വാർഷിക സ്റ്റുഡന്റ് വിസാ ദിനമായ വ്യാഴാഴ്ച ഇന്ത്യയിൽ 3,900 വിദ്യാർഥി വിസ അപേക്ഷകരുടെ അഭിമുഖമാണ് നടന്നത്.
ഉപരിപഠനത്തിനായി യു.എസിലേക്കു പോകുന്നതിന് വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് യു.എസ്. കോൺസുലേറ്റ് അധികൃതർ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.
2023-ൽ ഇന്ത്യയിൽനിന്ന് 1,40,000 വിദ്യാർഥി വിസകളാണ് അനുവദിച്ചത്. അതിനു മുമ്പത്തെ മൂന്നു വർഷക്കാലത്തെ മൊത്തം വിദ്യാർഥി വിസയേക്കാൾ കൂടുതലായിരുന്നു അത്. ഈ വർഷം അനുവദിക്കുന്ന വിസകളുടെ എണ്ണം അതിലും കൂടുമെന്നാണ് കരുതുന്നത്.
ഉപരിപഠനത്തിനായി അമേരിക്കയിലെത്തുന്ന ഓരോ ഇന്ത്യൻ വിദ്യാർഥിയും ഇന്ത്യയുടെ അംബാസഡർമാരാണെന്ന് സ്റ്റുഡന്റ് വിസ ദിനത്തിൽ ആശംസകളറിയിച്ചുകൊണ്ട് യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
ഇന്ത്യൻ വിദ്യാർഥികൾ യു.എസിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർഥി സമൂഹമായി മാറാൻ പോവുകയാണെന്ന് ഇന്ത്യയിലെ യു.എസ്. മിനിസ്റ്റർ-കൗൺസിലർ ഫോർ കോൺസുലർ അഫയേഴ്സ് റസ്സൽ ബ്രൗൺ പറഞ്ഞു.