ശ്രീലങ്കൻ അഭയാർഥി മരിച്ചെന്ന് മുദ്രകുത്തി സർക്കാർ : ഇല്ലെന്ന് തെളിയിക്കാൻ മദ്രാസ് ഹൈക്കോടതികയറി ബന്ധു

0 0
Read Time:2 Minute, 38 Second

ചെന്നൈ : സംസ്ഥാന സർക്കാർ മരിച്ചെന്നു മുദ്രകുത്തിയ ശ്രീലങ്കൻ അഭയാർഥിയെ മധുരയിലെ ക്യാമ്പിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധു മദ്രാസ് ഹൈക്കോടതിയിൽ ഹർജിനൽകി.

തന്റെ ബന്ധു മരണമടഞ്ഞെന്ന അഭയാർഥികൾക്കായുള്ള കമ്മിഷണറേറ്റിന്റെ റിപ്പോർട്ട് തെറ്റാണെന്നും പുനരധിവാസത്തിനുള്ള അപേക്ഷ പരിഗണിക്കാൻ നിർദേശംനൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് സി.ഐ.ഡി. അറസ്റ്റുചെയ്ത കാന്തൻ എന്ന കൃഷ്ണകുമാറിനുവേണ്ടി മാതൃസഹോദരി ടി. നാഗേശ്വരിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽനിന്ന് രക്ഷപ്പെട്ട് 1990-ൽ ഇന്ത്യയിലെത്തിയ നാഗേശ്വരി മധുരയിലെ ക്യാമ്പിലാണ്. നാഗേശ്വരിയുടെ സഹോദരിയുടെ മകനായ കൃഷ്ണകുമാറിനെ 2015-ൽ യു.എ.പി.എ. ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ക്യൂ ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.

കീഴ്‌ക്കോടതി 10 വർഷം തടവുശിക്ഷയാണ് വിധിച്ചത്. ഹൈക്കോടതി അത് ഏഴുവർഷമായി ഇളവുചെയ്തു. ശിക്ഷാ കാലാവധി കഴിഞ്ഞ് 2022-ൽ കൃഷ്ണകുമാറിനെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേക്കു മാറ്റി.

നിയമനടപടി നേരിടുന്നവരെ പാർപ്പിച്ചിട്ടുള്ള തിരുച്ചിറപ്പള്ളിയിലെ ക്യാമ്പിൽനിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണകുമർ പലവട്ടം അപേക്ഷനൽകിയിരുന്നു.

അനന്തരവനെ മധുരയിലെ ക്യാമ്പിൽ തന്നോടൊപ്പം കഴിയാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാഗേശ്വരിയും അപേക്ഷനൽകി.

എന്നാൽ, കൃഷ്ണകുമാർ മരിച്ചുപോയെന്നും ഈ സാഹചര്യത്തിൽ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും അഭയാർഥികൾക്കായുള്ള കമ്മിഷണറേറ്റ് ഈവർഷം ഏപ്രിൽ 23-ന് മറുപടിനൽകി. മറുപടിയുടെ പകർപ്പ് കൃഷ്ണകുമാറിനും ലഭിച്ചു. ഇതേത്തുടർന്നാണ് നാഗേശ്വരി ഹൈക്കോടതിയെ സമീപിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts