ചെന്നൈ : ആവശ്യക്കാർ കൂടിയതോടെ നാമക്കലിൽനിന്നുള്ള മുട്ടയുടെ വില കുതിച്ചുയർന്നു. അഞ്ചുദിവസത്തിൽ മൊത്തവിലയിൽ ഒരു രൂപയോളം വർധനയാണുണ്ടായത്. 4.60 രൂപയായിരുന്ന മുട്ടയുടെ വില ഇപ്പോൾ 5.50 രൂപയാണ്. ചില്ലറ വിപണിയിൽ ഏഴുരൂപ വരെയാണ് വില.
സംസ്ഥാനത്ത് സ്കൂളുകൾ തുറന്നതും ബക്രീദ് അടുത്തതുമാണ് മുട്ടയുടെ വിൽപന വർധിക്കാൻ കാരണം. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന പോഷകാഹാര പദ്ധതിക്കായി പ്രതിദിനം 40 ലക്ഷം മുട്ടകളാണ് നാമക്കലിലുള്ള ഫാമുകളിൽനിന്ന് വാങ്ങുന്നത്.
സ്കൂളുകൾ അടച്ചതിനാൽ ഏപ്രിൽ മുതൽ പദ്ധതിക്കായി മുട്ടവാങ്ങുന്നത് നിർത്തിയിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്കൂൾ തുറന്നതോടെ വീണ്ടും വിൽപന ആരംഭിച്ചു.
മസ്‌ക്കറ്റ്, ഖത്തർ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതും വില ഉയരുന്നതിന് കാരണമായി. മഴതുടങ്ങിയതോടെ ആളുകൾ കൂടുതലായി മുട്ട കഴിക്കാൻ തുടങ്ങിയതും വിൽപന കൂടാൻ കാരണമായിട്ടുണ്ട്.
രാജ്യത്തെ പ്രധാന മുട്ട ഉത്പാദനകേന്ദ്രമായ നാമക്കല്ലിൽ 1000-ലേറെ മുട്ടക്കോഴി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.