ചെന്നൈ : തിരുവാൺമിയൂരിൽ പട്ടാപ്പകൽ അഭിഭാഷകനെ റോഡിലിട്ട് വെട്ടിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റുചെയ്തു.
സൈദാപേട്ട് കോടതിയിലെ അഭിഭാഷകനായ തിരുവാൺമിയൂർ അവ്വൈ നഗർ സ്വദേശി ഗൗതം (31) ആണ് കൊല്ലപ്പെട്ടത്.
കോടതിയിൽനിന്ന് മടങ്ങും വഴി വീട്ടിനടുത്തുള്ള എ.ടി.എമ്മിന് സമീപം ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേയാണ് മൂന്നു പേർ ഗൗതമിനെ ആക്രമിച്ചത്.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിഭാഷകനെ അക്രമികൾ തുരുതുരാ വെട്ടി. നാട്ടുകാർ എത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചിരുന്നു. അക്രമികൾ രക്ഷപ്പെടുകയുംചെയ്തു.
ഗൗതമിന്റെ സഹോദരന്റെ പരാതിയനുസരിച്ച് കേസെടുത്ത പോലീസ് എൻ. കമലേഷ് (27), എം. നിത്യാനന്ദം (27), കെ. പാർഥിപൻ (31) എന്നിവരെ അറസ്റ്റു ചെയ്തു.
ഗൗതമിന്റെ സുഹൃത്ത് മദൻകുമാറിനെ കഴിഞ്ഞ വർഷം കമലേഷ് ആക്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി കമലേഷിനെ ഗൗതം ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്.