Read Time:1 Minute, 25 Second
പാലക്കാട്: മയിലിനെ വെടിവെച്ച് കൊലപ്പെടുത്തുകയും പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ.
പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടപൊട്ടിയിൽ പടിഞ്ഞാറെ വീട്ടിൽ രാജേഷ്, രമേഷ് എന്നീ സഹോദരങ്ങളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നത്.
വനം വകുപ്പ് പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാചകം ചെയ്ത നിലയിൽ മയിൽ ഇറച്ചി കണ്ടെത്തി. തുടർന്ന് ഇരുവർക്കും എതിരെ വനം വകുപ്പ് കേസെടുക്കുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും തോക്ക് ഉപയോഗിച്ച് വെടിവച്ചാണ് മയിലിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വേട്ടയ്ക്കായി ഉപയോഗിച്ച തോക്ക് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.