പ്രശസ്ത ന്യൂറോ സർജൻ ഡോ. സുബ്ബയ്യ വധം : വധശിക്ഷ വിധിക്കപ്പെട്ട ഏഴുപേരുൾപ്പെടെ ഒൻപത്‌ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

0 0
Read Time:3 Minute, 17 Second

ചെന്നൈ : പ്രശസ്ത ന്യൂറോ സർജൻ ഡോ. എസ്.ഡി. സുബ്ബയ്യയെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപതുപ്രതികളെയും മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച വെറുതെവിട്ടു.

വധശിക്ഷ വിധിക്കപ്പെട്ട ഏഴുപേരും ജീവപര്യന്തം തടവുവിധിക്കപ്പെട്ട രണ്ടുപേരുമാണ് ഒരുപതിറ്റാണ്ടുമുൻപ്‌ നടന്ന കൊലപാതകക്കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടത്.

ചെന്നൈ, രാജാ അണ്ണാമലൈപുരത്തെ ബിൽറോത്ത് ആശുപത്രിയിലെ ന്യൂറോ സർജനായ സുബ്ബയ്യയെ 2013 സെപ്റ്റംബർ 14-നാണ് മൂന്നംഗസംഘം വെട്ടിക്കൊന്നത്.

ബന്ധുക്കൾതമ്മിലുള്ള സ്വത്തുതർക്കത്തെത്തുടർന്നാണ് കൊലപാതകം എന്നുകണ്ടെത്തിയാണ് ചെന്നൈയിലെ സെഷൻസ് കോടതി 2021 ഓഗസ്റ്റ് അഞ്ചിന് ശിക്ഷവിധിച്ചത്.

പി. പൊന്നുസാമി, ഭാര്യ മേരി പുഷ്പം, മക്കളായ പി. ബേസിൽ, പി. ബോറിസ്, വില്യം എന്നിവരെയും ഡോ. ജയിംസ് സതീഷ് കുമാർ, മുരുകൻ, സെൽവപ്രകാശ്, യേശുരാജൻ എന്നിവരെയുമാണ് ശിക്ഷിച്ചത്.

മേരിപുഷ്പത്തിനും യേശുരാജനും ഇരട്ടജീവപര്യന്തവും മറ്റുള്ളവർക്ക് വധശിക്ഷയുമാണ് വിധിച്ചത്.

ഒൻപതുപ്രതികളും നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എം.എസ്. രമേഷും ജസ്റ്റിസ് സുന്ദർ മോഹനുമടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച വിധിപറഞ്ഞത്.

ഇവരെ എല്ലാകുറ്റങ്ങളിൽനിന്നും മോചിപ്പിക്കുന്നതായി കോടതി വ്യക്തമാക്കി. മറ്റുകേസുകളുമായി ബന്ധപ്പെട്ട് ആവശ്യമില്ലെങ്കിൽ എല്ലാവരെയും ഉടൻ വിട്ടയക്കണം. ഇവരിൽനിന്ന് ഈടാക്കിയ പിഴത്തുക തിരിച്ചുനൽകണം.

ആർ.എ. പുരത്തെ ആശുപത്രിയിൽനിന്നിറങ്ങി കാറിൽ കയറുമ്പോഴാണ് ഡോ. സുബ്ബയ്യ ആക്രമിക്കപ്പെട്ടത്. ദൃക്‌സാക്ഷി മൊഴികളനുസരിച്ചാണ് കൊലനടത്തിയ മൂന്നുപേരെ പിടികൂടിയത്.

ഇവരിൽനിന്നുകിട്ടിയ വിവരമനുസരിച്ചാണ് മറ്റുപ്രതികൾ പിടിയിലായത്. ബന്ധുക്കൾ തമ്മിലുള്ള സ്വത്തുതർക്കമുണ്ടായിരുന്നെന്നും കൊലനടത്താൻ അവർ വാടകക്കൊലയാളികളെ ഏർപ്പാടുചെയ്യുകയായിരുന്നെന്നുമായിരുന്നു പ്രോസിക്യുഷന്റെ കണ്ടെത്തൽ.

കേസിൽ മാപ്പുസാക്ഷിയാക്കപ്പെട്ട പി. ഇയ്യപ്പന്റെ മൊഴിയായിരുന്നു നിർണായക തെളിവ്. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യുഷന് കഴിഞ്ഞിട്ടില്ലെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts