നീറ്റിനെതിരേ നിലപാട് ശക്തമാക്കി സർക്കാർ; പരീക്ഷയ്ക്ക് അന്ത്യംകുറിക്കുമെന്ന് സ്റ്റാലിൻ

0 0
Read Time:3 Minute, 54 Second

ചെന്നൈ : പ്രവേശനപരീക്ഷാവിവാദത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ നീറ്റിനെതിരേയുള്ള നിലപാട് ശക്തമാക്കി. നീറ്റ് എന്ന കാപട്യത്തിന് തമിഴ്‌നാട് ഒരുദിവസം അന്ത്യംകുറിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

നീറ്റ് പരീക്ഷയെ ആദ്യംതന്നെ എതിർത്ത സംസ്ഥാനമാണ് തമിഴ്‌നാടെന്ന് ചെന്നൈയിൽ ഒരു ചടങ്ങിൽ സ്റ്റാലിൻ ചൂണ്ടിക്കാണിച്ചു. ക്രമക്കേടുകൾ നിറഞ്ഞതാണ് പരീക്ഷ എന്നതായിരുന്നു എതിർപ്പിനുകാരണം.

ഇപ്പോൾ നീറ്റിൽ ക്രമക്കേടുനടന്നതായി കേന്ദ്രസർക്കാർതന്നെ സുപ്രീംകോടതിയിൽ സമ്മതിച്ചിരിക്കുകയാണ്. മെഡിക്കൽകോഴ്‌സുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗമെന്ന് സ്റ്റാലിൻ പറഞ്ഞു.

നീറ്റ് പരീക്ഷ നിലവിൽവന്നതിനുശേഷം തമിഴ്‌നാട്ടിലെ ഡോക്ടർ-രോഗി അനുപാതം തകിടംമറിഞ്ഞതായി ഡി.എം.കെ എം.പി. കനിമൊഴി പറഞ്ഞു.

ഗ്രാമീണമേഖലയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. പ്രവേശനപരീക്ഷ എന്നതിലുപരി പ്രവേശനം നിഷേധിക്കാനുള്ള പരീക്ഷയാണ് നീറ്റ്. അത് ആരോഗ്യസംവിധാനത്തെത്തന്നെ സാരമായി ബാധിച്ചുകഴിഞ്ഞുവെന്ന് കനിമൊഴി പറഞ്ഞു.

മെഡിക്കൽപ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ പിന്നാക്കമേഖലകളിൽനിന്ന് വരുന്ന പാവപ്പെട്ട കുട്ടികൾക്ക് അവസരം നഷ്ടമാകാൻ കാരണമാകുന്നുണ്ടെന്നും അതൊഴിവാക്കണമെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്.

തമിഴ്‌നാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽപ്രവേശനം നടത്താൻ അനുവദിക്കുന്ന ബിൽ സംസ്ഥാനനിയമസഭ രണ്ടുതവണ ഏകകണ്ഠമായി പാസാക്കിയെങ്കിലും ഇതുവരെ നിയമമായിട്ടില്ല.

തമിഴ്‌നാട് നിയമസഭ 2021 സെപ്റ്റംബർ 13-നാണ് ബിൽ ആദ്യം പാസാക്കിയത്. നാലുമാസം പിടിച്ചുവെച്ചശേഷം ഗവർണർ ആർ.എൻ. രവി ബിൽ തിരിച്ചയക്കുകയായിരുന്നു.

ഇതേത്തുടർന്ന് 2022 ഫെബ്രുവരി എട്ടിന് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് ബിൽ വീണ്ടും പാസാക്കി അയച്ചു. ഈ ബിൽ ഇപ്പോഴും രാഷ്ട്രപതിയുടെ പരിഗണനയാണ്.

നീറ്റ് പരീക്ഷ ഭരണഘടനാതത്ത്വങ്ങൾക്കു വിരുദ്ധമാണെന്നുകാണിച്ച് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

പ്രവേശനപരീക്ഷാവിവാദത്തിന്റെ പശ്ചാത്തലത്തിൽ നീറ്റിനെതിരേ കൂടുതൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനാണ് ഡി.എം.കെ.യുടെ നീക്കം. തമിഴ്‌നാട്ടിൽ ബി.ജെ.പി. ഒഴികെയുള്ള മിക്ക കക്ഷികളും ഡി.എം.കെ.യുടെ നിലപാടിന് പിന്തുണ നൽകുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts