ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ഈ ദിനത്തിൽ വിശ്വാസികൾ ചെയ്യുന്നത്.
ത്യാഗത്തിന്റെ സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് അറബിയിൽ ഈദ് അൽ അദ്ഹ എന്ന് വിശേഷിപ്പിക്കുന്ന ഈ ദിവസം. ബക്രീദ് എന്നും ബലി പെരുന്നാൾ എന്നും ഈ ദിവസം അറിയപ്പെടും.
മുസ്ലിംങ്ങൾ എല്ലാ വർഷവും ആചരിക്കുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നാണ് ബലി പെരുന്നാൾ. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന പ്രകാരം ദൈവ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ.
ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നതും. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇവരുടെ വിശ്വാസം.
അതിന്റെ പ്രതീകമായി മുസ്ലിം മതക്കാർ ഈ ദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്തുന്ന പതിവുണ്ട്.
വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകൾ നടക്കും. ദില്ലി ജുമാ മസ്ജിദിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു ഈദ് ആശംസകൾ നേർന്നു