മുംബൈ : രാജ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-ന് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കും. നിലവിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർകോച്ചുകളില്ല.
അതിനാൽ ശരാശരി എട്ടുമണിക്കൂർവരെയുള്ള ഓട്ടത്തിനാണ് ഇതുപയോഗിക്കുന്നത്. ദീർഘദൂരവണ്ടികളായിട്ടായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക.
11 എ.സി ത്രീ ടയർ, നാല് എ.സി. ടു ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോച്ചുകളാവും വന്ദേഭാരത് സ്ലീപ്പറിൽ ഉണ്ടാവുക. ഇതിലെല്ലാമായി 823 യാത്രക്കാർക്ക് സഞ്ചരിക്കാം.
രാജധാനി, തേജസ് ട്രെയിനുകളെക്കാൾ മെച്ചപ്പെട്ടതായിരിക്കും ഇതിലെ സൗകര്യങ്ങൾ. മികച്ച വെളിച്ചവിതാനസംവിധാനങ്ങളും സെൻസർ ഘടിപ്പിച്ച വാതിലുകളും പ്രത്യേകതയായിരിക്കും.
ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പ്രത്യേക ബർത്തുകളും ശൗചാലയങ്ങളും ഉണ്ടാകും.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ വരെ പരീക്ഷണയോട്ടം നടത്തുമെങ്കിലും പരമാവധി 160 കിലോമീറ്ററിലായിരിക്കും ഇതിന്റെ ഓട്ടം.