ചെന്നൈ : അച്ഛൻ ശുചീകരണത്തൊഴിലാളിയായി ജോലിചെയ്തിരുന്ന മുനിസിപ്പൽ ഓഫീസിലെ ഉയർന്നപദവിയിൽ മകൾ. മന്നാർകുടി സ്വദേശി ദുർഗയാണ് പരിമിതികൾക്ക് നടുവിൽ അർപ്പണബോധത്തോടെ പഠിച്ച് അച്ഛൻ ശേഖറിന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
പക്ഷേ, മകൾ ചുമതലയേൽക്കുന്നത് കാണാൻ ശേഖറിനായില്ല. ആറുമാസം മുമ്പ് ഒരു വാഹനാപകടത്തിൽ ശേഖർ മരിച്ചു. അച്ഛൻ ഒപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ ഓർമകളും സ്നേഹവും തനിക്ക് എന്നും തുണയായിരിക്കുമെന്ന് ദുർഗ പറയുന്നു.
മന്നാർകുടി മുനിസിപ്പാലിറ്റിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ശുചീകരണത്തൊഴിലാളിയായിരുന്ന ശേഖറിന്റെയും സെൽവിയുടെയും ഏകമകളാണ് ദുർഗ.
സാമ്പത്തികമായി ഏറെ പിന്നാക്കമായിരുന്നെങ്കിലും മകളെ പഠിപ്പിക്കുന്നതിൽ ഇരുവരും ഏറെ ശ്രദ്ധചെലുത്തി.
ബി.എസ്‌സി. പൂർത്തിയാക്കിയ ദുർഗ സർക്കാർ ഉദ്യോഗം നേടണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. മേലധികാരികളെപ്പോലെ മകൾ ഓഫീസ് ജോലി ചെയ്യുന്നത് ശേഖറിന്റെ സ്വപ്നമായിരുന്നു.
കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി തമിഴ്നാട് പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ, താലൂക്ക് ഓഫീസിൽ താത്കാലിക ജീവനക്കാരനായ നിർമൽ കുമാറുമായി ദുർഗയുടെ വിവാഹം നടന്നു.
വിവാഹത്തിനുശേഷം ദുർഗ 2016-ലാണ് ആദ്യമായി പി.എസ്‌സി. പരീക്ഷ എഴുതിയത്. ഗ്രൂപ്പ് രണ്ട് പരീക്ഷയാണ് എഴുതിയത്. എന്നാൽ, വിജയിച്ചില്ല. പിന്നീട് ഗ്രൂപ്പ് നാല് പരീക്ഷയും എഴുതിയെങ്കിലും പരാജയപ്പെട്ടു.
ഇതിനിടെ പ്രസവവും കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട തിരക്കുകൾ. എങ്കിലും അച്ഛന്റെയും അമ്മയുടെയും ആഗ്രഹംപോലെ ജോലി നേടാനുള്ള ശ്രമം ഉപേക്ഷിച്ചില്ല.
സമയം കിട്ടിയപ്പോഴൊക്കെ പി.എസ്.സി. പരീക്ഷയ്ക്കായി പഠിച്ചു. 2022-ൽ ഗ്രൂപ്പ് രണ്ട് പ്രിലിമിനറി പരീക്ഷയും കഴിഞ്ഞ വർഷം മെയിൻ പരീക്ഷയും ജയിച്ചു. തുടർന്ന് അച്ഛൻ ജോലിചെയ്ത മുനിസിപ്പാലിറ്റിയിൽതന്നെ കമ്മിഷണറായി നിയമനവും ലഭിച്ചു.