ബെംഗളൂരു: പ്രമുഖ ഓണ്‍ലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണില്‍ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളില്‍ മൂർഖൻ പാമ്പ്.
ദമ്പതികള്‍ക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്പിനെ കണ്ടത്.
സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികള്‍ എക്സ് ബോക്സ് കണ്‍ട്രോളറാണ് ഓർഡർ ചെയ്തത്.
പറഞ്ഞ ദിവസം തന്നെ പാഴ്‌സല്‍ എത്തി.
ഇത് തുറക്കുന്നത് മൊബൈല്‍ ക്യാമറയില്‍ ഇരുവരും പകർത്തുകയും ചെയ്തു.
കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻപാമ്പിനെ കണ്ടത്.
പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സല്‍ പാക്കുചെയ്തിരുന്ന ടേപ്പില്‍ പാമ്പ് കുടുങ്ങിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്പതികള്‍ പറയുന്നത്.
വിവരം ഉടൻതന്നെ കമ്പനി അധികൃതരെ അറിയിച്ചു.
തെളിവായി വീഡിയോയും കൈമാറി.
കമ്പനി ദമ്പതികള്‍ക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്തു.
പിടികൂടിയ പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് വിട്ടയയ്ക്കുകയും ചെയ്തു.
പാമ്പിനെ കണ്ടെത്തിയ വിവരം അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച് കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്.
പാഴ്സലിനുള്ളില്‍ പാമ്പ് കയറാനിടയായത് കമ്പനിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണെന്നാണ് ഇരുവരും ആരോപിക്കുന്നത്.
ഗുരുതരമായ സുരക്ഷാ വീഴ്ച ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും അവർ പറഞ്ഞു.
സംഭവം പരിശോധിച്ച് തുടർ നടപടികള്‍ അറിയിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ നഷ്ടപരിഹാരമോ ഔദ്യോഗിക ക്ഷമാപണമോ കമ്പനിയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്.
അധികം വൈകാതെതന്നെ അത്തരത്തിലുള്ള ഒരു പ്രതികരണം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനുശേഷമായിരിക്കും തുടർ നടപടികള്‍ വേണോ എന്നകാര്യം തീരുമാനിക്കുക.