ടൂറിസ്റ്റ് പെർമിറ്റ് വിവാദം; തമിഴ്‌നാട്ടിൽ കുത്തനെ ഉയർത്തി ദീർഘദൂര ബസ് ടിക്കറ്റ് നിരക്ക്

0 0
Read Time:3 Minute, 39 Second

ചെന്നൈ : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി സ്റ്റേജ് കാരേജ് സർവീസ് നടത്തുന്ന ഇതരസംസ്ഥാന ബസുകളെ വിലക്കിയതോടെ തമിഴ്‌നാട്ടിൽ ദീർഘദൂര ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു.

വാരാന്ത്യത്തിൽ ചെന്നൈയിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളിലേക്കുള്ള ബസ് സർവീസുകളുടെ നിരക്കാണ് ഉയർത്തിയത്.

ചെന്നൈ-മധുര, ചെന്നൈ-തിരുനെൽവേലി, ചെന്നൈ-കോയമ്പത്തൂർ തുടങ്ങിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ 1000 രൂപയോളമാണ് വർധന. മുമ്പ് 1000 രൂപ മുതൽ 1200 രൂപ വരെയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 2000 രൂപ വരെയാണ് ഈടാക്കുന്നത്.

ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ നികുതിവെട്ടിപ്പ്‌ നടത്തുന്നത് തടയാനാണ് ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത 838 ബസുകൾക്ക് തമിഴ്‌നാട് ട്രാൻസ്പോർട്ട് വകുപ്പ് വിലക്കേർപ്പെടുത്തിയത്.

കേരളത്തിൽ രജിസ്റ്റർചെയ്ത ഏതാനും ബസുകൾ മാത്രമാണ് ഇതിലുള്ളത്. നാഗാലാൻഡ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ബസുകളാണ് വിലക്ക് നേരിടുന്നതിൽ ഭൂരിപക്ഷവും.

ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകൾക്ക് യാത്രക്കാരുമായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കോൺട്രാക്ട് കാരേജായി പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. വിനോദയാത്ര, വിവാഹം, തീർഥയാത്ര തുടങ്ങിയ ആവശ്യങ്ങൾക്ക് സർവീസ് നടത്താം.

എന്നാൽ, വിവിധയിടങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റേജ് കാരേജുകളായി പ്രവർത്തിക്കാൻ സാധിക്കില്ല.

ഓൺലൈനിൽ ടിക്കറ്റ് ബുക്കുചെയ്യാനും കോൺട്രാക്ട്‌ കാരേജ് സർവീസിന് സാധിക്കില്ല. എന്നാൽ, ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ടൂറിസ്റ്റ് പെർമിറ്റുള്ള ഒട്ടേറെ ബസുകൾ സ്റ്റേജ് കാരേജുകളായി പ്രവർത്തിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇവർ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും നടത്തിയിരുന്നു.

കോൺട്രാക്ട് കാരേജ് ബസുകൾ സ്റ്റേജ് കാരേജായി മാറ്റുന്നതിന് കഴിഞ്ഞ 18 വരെ സമയമനുവദിച്ചിരുന്നു. എന്നാൽ, 105 ബസുകൾമാത്രമാണ് രജിസ്റ്റർചെയ്ത് പെർമിറ്റ് നേടിയത്.

തുടർന്നാണ് മറ്റുബസുകൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. വിലക്കിയ ബസുകളുടെ ലിസ്റ്റ് https://tnsta.gov.in/ എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ബസുകളിൽ യാത്രക്കാർ ടിക്കറ്റ് ബുക്കുചെയ്യരുതെന്ന് അധികൃതർ അറിയിച്ചു. വിലക്ക് ലംഘിച്ച് സർവീസ് നടത്തുന്ന ബസുകൾ പിടിച്ചെടുക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts