ചെന്നൈ : വിഷമദ്യം കഴിച്ച് ചികിത്സയിലിരിക്കേ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടയാൾ മരിച്ചു.
ആശുപത്രിയിൽനിന്ന് ഇറങ്ങിയ മറ്റൊരാൾ വീട്ടിൽ ബാക്കിയുണ്ടായിരുന്ന വ്യാജമദ്യം കഴിച്ച് അവശനിലയിൽ വീണ്ടും ആശുപത്രിയിലാവുകയുംചെയ്തു.
കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിനിടെയാണ് അറിഞ്ഞുകൊണ്ട് അപകടം പിടിച്ചുവാങ്ങിയവരുടെ വിവരങ്ങൾ പുറത്തുവരുന്നത്.
ശേഷസമുദ്രം സ്വദേശിയായ സുബ്രമണി വ്യാജമദ്യം കഴിച്ച് കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച ഇയാൾ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു. ആശുപത്രി അധികൃതർ ഉടൻ പോലീസിനെ വിവരമറിയിച്ചിരുന്നു. ശനിയാഴ്ച പോലീസ് അന്വേഷിച്ചു കണ്ടെത്തിയപ്പോഴേക്കും സുബ്രമണി മരിച്ചിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത മറ്റൊരാൾ വീണ്ടും അപകടത്തിൽപ്പെട്ട കാര്യം ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യനാണ് വെളിപ്പെടുത്തിയത്.
ഇയാൾ നേരത്തേ കഴിച്ച മദ്യത്തിന്റെ ബാക്കി വീട്ടിലുണ്ടായിരുന്നു. വീട്ടിലെത്തിയയുടൻ അതെടുത്തു കുടിച്ചു. വീണ്ടും അവശനായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.