ചെന്നൈ: പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കിടപ്പാടവും കൃഷിസ്ഥലങ്ങളും വിട്ടുനൽകുന്നതോടെ പ്രദേശവാസികളുടെ ജീവിതം തകിടം മറിയും.
അങ്ങനെ സംഭവിച്ചാൽ തമിഴ്‌നാടിനോട് വിട പറയാനാണ് ആളുകളുടെ തീരുമാനം. ഏകനാപുരം അടക്കം പരന്തൂരിലും സമീപ പ്രദേശങ്ങളിലുമായുള്ള 20 ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ് തമിഴ്‌നാട് വിടാൻ ഒരുങ്ങുന്നത്.
ആന്ധ്രയിൽ അഭയം തേടാനാണ് ഇവരുടെ ശ്രമം. വിമാനത്താവള പദ്ധതിക്കെതിരേയുള്ള സമരം തിങ്കളാഴ്ച 700 ദിവസം പിന്നിടും. ഈ ദിവസം 15 പേർ അടങ്ങുന്ന സമരസമിതി പ്രതിനിധിസംഘം ആന്ധ്രയിലെ ചിറ്റൂർ ജില്ലാ കളക്ടറെ കാണാൻ പോകും.
വിമാനത്താവളം വരുമ്പോൾ ഒഴിയേണ്ടി വരുന്ന 1000-ത്തിലേറെ കുടുംബങ്ങൾക്ക് അഭയം തേടിയാണ് ഇവർ കളക്ടറെ സമീപിക്കുന്നത്. മറ്റൊന്നും വേണ്ട, അവിടെ കൃഷി ചെയ്തു ജീവിക്കാൻ അനുവദിച്ചാൽമാത്രം മതിയെന്നാണ് ഇവരുടെ ആവശ്യം.
ഏകനാപുരം ഉൾപ്പെടെ 20 ഗ്രാമങ്ങളിലെയും ജനങ്ങളിൽ 90 ശതമാനത്തിലേറെയും ജീവിക്കുന്നത് നെൽക്കൃഷി ചെയ്താണ്. നിലവിൽ സെന്റിന് 7000 രൂപ വിലയുള്ള സ്ഥലത്തിന് 21,000 രൂപ നൽകാമെന്നാണ് സർക്കാരിന്റെ വാഗ്ദാനം.
എന്നാൽ, ഇവിടെനിന്ന് പോയാൽ ഈ വിലയ്ക്ക് മറ്റെങ്ങും സ്ഥലം ലഭിക്കില്ല. കൃഷിചെയ്തു ജീവിക്കാനും സാധിക്കില്ല. വിമാനത്താവളത്തിൽ ജോലി നൽകാമെന്ന വാക്കാലുള്ള വാഗ്ദാനവും ഗ്രാമവാസികൾ വിശ്വസിക്കുന്നില്ല.
പദ്ധതി ഇവിടെനിന്ന് മാറ്റുക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും നഷ്ടപരിഹാരം ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും സുബ്രഹ്‌മണ്യൻ പറഞ്ഞു.
അതിന് തയ്യാറാകാതെ വന്നാൽ ആന്ധ്രയിലേക്കോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും സംസ്ഥാനത്തേക്കോ കൂട്ടപ്പലായനം മാത്രമാണ് തങ്ങളുടെ മുന്നിലുള്ള മാർഗമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗ്രാമവാസികൾ ബഹിഷ്കരിച്ചിരുന്നു. പദ്ധതി പ്രദേശത്തിനു സമീപം അധികാരത്തിലിരിക്കുന്ന പലരും സ്ഥലം വാങ്ങിയിട്ടുണ്ട്.
വിമാനത്താവളം വരുന്നതോടെ ഈ സ്ഥലങ്ങൾക്ക് വില പല മടങ്ങ് ഇരട്ടിക്കും. ഇതാണ് സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറാത്തതിന് കാരണമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.