തമിഴ്‌നാട് ബി.ജെ.പി.യിൽ പ്രശ്നങ്ങൾ പുകഞ്ഞുതന്നെ

0 0
Read Time:3 Minute, 24 Second

ചെന്നൈ : തമിഴ്‌നാട് ബി.ജെ.പി.യിലെ മുതിർന്നനേതാവ് തമിഴിസൈ സൗന്ദർരാജനെതിരേ അഴിമതിയാരോപണവുമായി പാർട്ടിയിൽനിന്ന് രാജിവെച്ച തിരുച്ചി സൂര്യ.

പുതുച്ചേരിയിൽ ലെഫ്റ്റ്‌നന്റ്‌ ഗവർണറുടെ ചുമതല വഹിച്ചപ്പോൾ തമിഴിസൈ അവിടെ വൻ അഴിമതിനടത്തിയെന്നും ഇതിന്റെ പട്ടിക ഉടൻ പുറത്തുവിടുമെന്നും സൂര്യ എക്സിൽ കുറിച്ചു.

മണൽമാഫിയകളിൽനിന്ന് കോടികൾ നേടുന്ന സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കളെക്കുറിച്ചുള്ള വിവരവും പുറത്തുവിടുമെന്ന് സൂര്യ വ്യക്തമാക്കി.

തമിഴിസൈയെ വിമർശിച്ചതിനെത്തുടർന്നാണ് അണ്ണാമലൈ അനുകൂലിയായിരുന്ന തിരുച്ചി സൂര്യയെ പാർട്ടി ഒ.ബി.സി. വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.

ഇതോടെ പാർട്ടിവിടാൻ സൂര്യ തീരുമാനിക്കുകയായിരുന്നു. പാർട്ടി വിട്ടാലും അണ്ണാമലൈയെ അനുകൂലിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇപ്പോൾ അണ്ണാമലൈയെയും വിമർശിക്കാൻ തുടങ്ങി. ബി.ജെ.പി.യിൽ ജാതിവിവേചനമുണ്ടെന്നാണ് സൂര്യയുടെ ആരോപണം. പരസ്പരം പോരടിച്ചിട്ടും അണ്ണാമലൈയ്ക്കും തമിഴിസൈയ്ക്കും എതിരേ നടപടിയെടുക്കാത്തതിന് കാരണം ഇരുവരുടെയും ജാതി പരിഗണിച്ചാണെന്നാണ് ആരോപണം.

സൂര്യയുടെ ആരോപണത്തെക്കുറിച്ച് തമിഴിസൈ അടക്കം നേതാക്കൾ പ്രതികരിച്ചിട്ടില്ല. ഇതിനിടെ അച്ചടക്കലംഘനത്തിന്റെ പേരിൽ മൂന്ന് ജില്ലാനേതാക്കളെ അണ്ണാമലൈ പദവിയിൽനിന്ന് നീക്കി.

ധർമപുരം അധീനം മഠാധിപതിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച മൈലാടുതുറൈ ജില്ലാപ്രസിഡന്റ് കെ. അഘോരം, മറ്റൊരു നേതാവിനെ ആക്രമിച്ച കേസിൽ പ്രതികളായ തിരുവാരൂർ ജില്ലാപ്രസിഡന്റ് ഭാസ്കർ, സെക്രട്ടറി സെന്തലരശൻ എന്നിവരെയാണ് പദവികളിൽനിന്ന് നീക്കിയത്. 2022-ൽ ആൾമാറാട്ടക്കേസിൽ അറസ്റ്റിലായ ആളാണ് ഭാസ്‌കർ.

ക്രിമിനലുകളെ പാർട്ടിയിൽ ചേർക്കുന്നുവെന്ന് തമിഴിസൈ ആരോപിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് ജില്ലാനേതാക്കൾക്കെതിരേ നടപടിയെടുത്തിരിക്കുന്നത്.

ഇതേസമയം, ദേശീയനേതാക്കളുടെ ഇടപെടലിനെത്തുടർന്ന് അണ്ണാമലൈയും തമിഴിസൈയും തമ്മിലുള്ള പരസ്യ പോര് അവസാനിച്ചു.

കള്ളക്കുറിച്ചി മദ്യദുരന്തവുമായി ബന്ധപ്പെട്ട പരാതിയുമായി തിങ്കളാഴ്ച ഗവർണറെ കാണാൻ അണ്ണാമലൈ പോയത് തമിഴിസൈയ്ക്കൊപ്പമായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts