സംസ്ഥാനത്ത് ട്രക്കിങ് പുനരാരംഭിക്കുന്നു; ബുക്കിങ് ജൂലായ് മുതൽ

0 0
Read Time:2 Minute, 36 Second

ചെന്നൈ : ഇരുപത്തിമൂന്നുപേരുടെ മരണത്തിനിടയാക്കിയ കുരങ്ങണി കാട്ടുതീദുരന്തം നടന്ന് ആറുവർഷത്തിനുശേഷം തമിഴ്‌നാട്ടിൽ ട്രക്കിങ് പുനരാരംഭിക്കുന്നു.

സംഭവത്തിനുശേഷം സംസ്ഥാനത്ത് ട്രക്കിങ് പാതകൾ പൂർണമായും അടച്ചിട്ടിരുന്നു. ഇപ്പോൾ നാൽപ്പതു പാതകളാണ് ട്രക്കിങ്ങിനായി തുറന്നു കൊടുക്കുന്നത്.

ഈ മേഖലകളുടെ ഭൂപടം തയ്യാറാക്കി നാലുകോടി രൂപ ചെലവിൽ പാതകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ്. ജൂലായിയിൽ ബുക്കിങ് തുടങ്ങുന്ന രീതിയിലാണ് ജോലികൾ നടക്കുന്നതെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.

നീലഗിരി, പൊള്ളാച്ചി, കോയമ്പത്തൂർ, കൊടൈക്കനാൽ തുടങ്ങിയ ഇടങ്ങളിലെ വനപാതകൾ ട്രക്കിങ്ങിന് തുറന്നുകൊടുക്കുന്നവയിൽ ഉൾപ്പെടുമെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ. റെഡ്ഡി പറഞ്ഞു.

119 ട്രക്കിങ് പാതകളാണ് തുറന്നുകൊടുക്കാനായി കണ്ടെത്തിയത്. ഇതിൽ ആദ്യഘട്ടത്തിലേതാണ് 40 എണ്ണം. മറ്റുള്ള പാതകൾ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനമെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.

2018-ലാണ് തേനിജില്ലയിൽ ബോഡിനായ്ക്കന്നൂരിനുസമീപം കുരങ്ങണി മലനിരകളിലുണ്ടായ കാട്ടുതീയിൽപ്പെട്ട് 23 പേർ മരിച്ചത്.

ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെന്നൈ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ 39 അംഗസംഘം മാർച്ച് പത്തിന് ട്രക്കിങ്ങിനെത്തിയതായിരുന്നു.

സംഘത്തിലെ 36 പേർ മാർച്ച് പതിനൊന്നിന് കുരങ്ങണിയിലേക്ക് മലമ്പാതവഴി നടന്നുപോകുന്നതിനിടെ വിശ്രമിക്കുമ്പോഴാണ് കാട്ടുതീയിൽപ്പെട്ടത്.

ചുറ്റും പുകയായതിനാൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പലരും കൊക്കയിലേക്ക് വീണു. ഒമ്പതുപേർ സംഭവസ്ഥലത്തും ചികിത്സയിലിരിക്കെ 14 പേരും മരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts