തമിഴ്‌നാട്ടിൽ മയക്കുമരുന്ന് വ്യാപനം: സർക്കാർ നിലപാടിനെതിരേ ഗവർണർ ആർ.എൻ. രവിയുടെ രൂക്ഷവിമർശനം

0 0
Read Time:3 Minute, 16 Second

ചെന്നൈ : തമിഴ്‌നാട്ടിൽ മയക്കുമരുന്ന് വ്യാപനമുണ്ടെന്ന കാര്യം നിഷേധിച്ച ഡി.എം.കെ. സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഗവർണർ ആർ.എൻ. രവി.

മയക്കുമരുന്ന് ഭീഷണി സംസ്ഥാനത്തെ നാശത്തിലേക്കു നയിക്കുന്ന ഗുരുതരമായ പ്രശ്നമാണെന്നും ഇതിനെയാണ് സർക്കാർ നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഒരു പ്രശ്നം നിഷേധിക്കുമ്പോൾ കൂടുതൽ സങ്കീർണമാകും. പ്രശ്‌നം നിഷേധിക്കുന്നുവെന്നതിനർഥം അതിനെ നേരിടാൻ തയ്യാറല്ലയെന്നാണെന്ന് ചെന്നൈയിൽ ഒരു ചടങ്ങിൽ ഗവർണർ പറഞ്ഞു.

സംസ്ഥാനത്ത് ഗവർണറായ ദിവസം മുതൽ കോളേജുകളിലെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രശ്നം ഒട്ടേറെ രക്ഷിതാക്കൾ നേരിൽക്കണ്ട് ഉന്നയിച്ചിരുന്നു. അതിനായി എന്തെങ്കിലും ചെയ്യണമെന്നവർ അഭ്യർഥിച്ചു. ഇക്കാര്യം സർക്കാരിനെ അറിയിച്ചപ്പോൾ സംഭവം നിഷേധിച്ചു. അയൽസംസ്ഥാനങ്ങളായ കർണാടക, കേരളം എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ വാർത്തകൾ കാണാറുണ്ടായിരുന്നു.

എന്നാൽ തമിഴ്‌നാട്ടിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. അന്വേഷിച്ചപ്പോഴെല്ലാം കഞ്ചാവ് മാത്രമേയുള്ളൂ, മറ്റു മയക്കുമരുന്നുകളില്ലെന്നാണ് ഉത്തരം ലഭിച്ചത്.

എന്നാൽ കേന്ദ്ര ഏജൻസികൾ പരിശോധന തുടങ്ങിയപ്പോൾ പലതരം മയക്കുമരുന്നുകൾ വൻതോതിൽ പിടിച്ചെടുക്കാൻ തുടങ്ങി. മയക്കുമരുന്ന് വിൽപ്പനയിൽ നടപടിയെടുക്കാൻ രക്ഷിതാക്കൾ തന്നെ സമീപിക്കുമ്പോൾ നിയമപാലകർ എങ്ങനെ ഇക്കാര്യം അറിയാതിരിക്കുന്നുവെന്നത് സംശയമുണ്ടാക്കുന്നുവെന്നും ഗവർണർ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ തമിഴ്‌നാട് ഉയർന്ന നിലയിലാണ്.

ഇത്രയും പുരോഗമിച്ച ഒരു സംസ്ഥാനം മയക്കുമരുന്നിനും വ്യാജ മദ്യത്തിനുമെതിരേ നടപടിയെടുക്കുന്നില്ലെങ്കിൽ ജനങ്ങളോട് നീതി പുലർത്തുന്നില്ലെന്നും ഭാവി അരക്ഷിതമാണെന്നുമാണ് കരുതേണ്ടത്.

കഴിഞ്ഞ വർഷം ചെങ്കൽപ്പെട്ടിലും വിഴുപുരത്തും 20-ലധികം പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തങ്ങളുണ്ടായി. ആ സമയത്ത് ചില നടപടികൾ ഉണ്ടായിരുന്നുവെന്നു മാത്രം.

ഇപ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണെന്നും ജനങ്ങളുടെ ജീവൻ കൊണ്ട് കളിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts