നഗരത്തിൽ പനിബാധിതർ കൂടുന്നു; മുൻകരുതലുമായി ആരോഗ്യവകുപ്പ്

0 0
Read Time:2 Minute, 39 Second

ചെന്നൈ : ഏതാനും ദിവസങ്ങളായി പെയ്ത മഴയെതുടർന്ന് ചെന്നൈയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. കുട്ടികളിൽ പനിയും വയറിളക്കവുമുണ്ട്.

പനി ബാധിച്ചാൽ ഉടനെ വൈദ്യസഹായംതേടണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വിഭാഗം ആവശ്യപ്പെട്ടു. ചൂടിന്റെ തീഷ്ണത കുറഞ്ഞതിനാൽ പനി ബാധിക്കാൻ കാരണമാകുന്ന ബാക്ടീരിയ വളരുന്നുണ്ട്.

പനി അതിവേഗംപടരാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തണുത്ത കാലാവസ്ഥയിൽ ബാക്ടീരിയകൾ അതിവേഗം വളരും.

കടുത്തചൂട് അനുഭവപ്പെട്ടിരുന്ന ജൂൺ ആദ്യവാരത്തിന് ശേഷം ഇടവിട്ട ദിവസങ്ങളിൽ മഴപെയ്തു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടികളിലും മുതിർന്നവരിലും പനി പടരുന്നുണ്ട്.

കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനാലാണ് വയറിളക്കം ബാധിക്കുന്നവരുടെ എണ്ണം കൂടിയത്. വൃത്തിഹീനമായ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കുന്നതും വയറിളക്കത്തിന് കാരണമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ഡയറക്ടർ ഡോ. രമ പറഞ്ഞു.

കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളംമാത്രമേ നൽകാവൂവെന്ന് ഡോക്ടർ രക്ഷിതാക്കളെയും ഓർമ്മിപ്പിച്ചു. കുട്ടികളുമായി മറ്റൊരു സ്ഥലത്ത് പോകുകയാണെങ്കിൽ കൈയിൽ തിളപ്പിച്ച വെള്ളം കരുതണമെന്നും അവർ പറഞ്ഞു.

പ്രായമായവർക്ക് പനിയുണ്ടാകുകയാണെങ്കിൽ ചികിത്സയ്ക്ക് തയ്യാറാകണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കൂടുതൽ വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണത്തിന് കാരണമാകും.

ജലദോഷം, വയറിളക്കം എന്നിവയുണ്ടാകുകയാണെങ്കിലും ചികിത്സിക്കണം. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഓറൽ റിഹൈഡ്രേഷൻ സോല്യുഷ(ഒ.ആർ.എസ്.)നുണ്ട്. ഗ്ലൂക്കോസ് അടങ്ങിയ സാൾട്ട് സോല്യൂഷൻ കുടിക്കുന്നതിലൂടെ നിർജലീകരണം ഇല്ലാക്കാൻ കഴിയും. വയറിളക്കം ബാധിച്ചവർക്കും ഒ.ആർ.എസ്. ഫലപ്രദമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts