ചെന്നൈ : കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ തമിഴ്‌നാട്ടിലും അനുമതി. ഇക്കാര്യത്തിൽ കേരളസർക്കാർ പിന്തുടർന്ന മാതൃകഅനുകരിച്ചാണ് നടപടി.
കാട്ടുപന്നികളെ കൊല്ലുന്നതുമായിബന്ധപ്പെട്ട് 2018-ലെ തമിഴ്നാട് വനംവകുപ്പുനയത്തിൽ ഉടൻ ഭേദഗതിവരുത്തുമെന്ന് വനംവകുപ്പുമന്ത്രി എം. മതിവേന്ദൻ പറഞ്ഞു.
കോയമ്പത്തൂർ, ഈറോഡ്, കൃഷ്ണഗിരി തുടങ്ങി വിവിധജില്ലകളിൽ കാട്ടുപന്നികൾ വ്യാപകമായി വിള നശിപ്പിക്കുന്നതായും അവയെകൊല്ലാൻ അനുവദിക്കണമെന്നും കർഷകർ സർക്കാരിനോട് നിരന്തരം അഭ്യർഥിച്ചിരുന്നു.
ഇതേത്തുടർന്നാണ് വന്യമൃഗങ്ങൾ വരുത്തിവെക്കുന്ന കൃഷിനാശത്തിന് പരിഹാരംകാണുന്നതിന് സമിതി രൂപവത്കരിച്ചത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, വന്യജീവി വിദഗ്ധർ എന്നിവരടങ്ങുന്ന സമിതിയിലെ അംഗങ്ങൾ കഴിഞ്ഞ ഡിസംബറിൽ പാലക്കാട്ജില്ലയിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.
അവിടെനിന്ന് ലഭിച്ച വിശദാംശങ്ങൾ അടിസ്ഥാനമാക്കിയാണ് തമിഴ്‌നാട്ടിലും കാട്ടുപന്നികളെ കൊല്ലാൻ അനുമതിനൽകാൻ തീരുമാനിച്ചത്.