ചെന്നൈ : നഗരവാസികളുടെ ജീവന് ഭീഷണിയാകുന്ന കന്നുകാലികളെ പിടികൂടാൻ നൂതനമാർഗം പരീക്ഷിക്കാൻ ചെന്നൈ കോർപ്പറേഷൻ.
കന്നുകാലികളുടെ ശരീരത്തിൽ മൈക്രോ ചിപ്പ് ഘടിപ്പിക്കാനാണ് തീരുമാനം. നിരത്തുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ തിരിച്ചറിയുന്നതിനും ഉടമകൾക്ക് എതിരേ നടപടിയെടുക്കുന്നതിനുമാണ് ചിപ്പ് സ്ഥാപിക്കുന്നത്.
ആവശ്യം വന്നാൽ ജി.പി.എസ്. സൗകര്യമുള്ള ചിപ്പുകൾ ഉപയോഗിക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
പൊതുനിരത്തിൽ കന്നുകാലികൾ യാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഇത് തടയാൻ നടപടിയെടുക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.
റോഡുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെയും എരുമകളെയും പിടിച്ചു കൊണ്ടുപോകുകയും ഉടമകളിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നിട്ടും റോഡുകളിൽ കന്നുകാലി ശല്യം കുറഞ്ഞില്ല. ഇതോടെയാണ് പുതിയ മാർഗം തേടിയത്.
കഴിഞ്ഞ ദിവസം മേയർ പ്രിയാരാജന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മൈക്രോ ചിപ്പ് ഉപയോഗിച്ച് കന്നുകാലികളെ നിരീക്ഷിക്കാൻ തീരുമാനിച്ചത്.
മൃഗസംരക്ഷണ വകുപ്പ് അധികൃതരും യോഗത്തിൽ പങ്കെടുത്തു. അരിമണിയെക്കാൾ കുറച്ചുകൂടി വലുപ്പമുള്ള ചിപ്പുകളാണ് കന്നുകാലികളുടെ ത്വക്കിന് അടിയിലായി ഘടിപ്പിക്കുന്നത്.
ഇതിൽ കന്നുകാലിയുടെ പ്രായം, എന്തെങ്കിലും അസുഖങ്ങളുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, ഉടമയുടെ പേര്, മേൽവിലാസം എന്നിവയുണ്ടാകും.
കന്നുകാലികളെ പിടികൂടിയതിന് ശേഷം സ്കാനർ ഉപയോഗിക്കുമ്പോൾ ഈ വിവരങ്ങൾ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ഉടമയ്ക്ക് എതിരേ നടപടിയെടുക്കും.
കന്നുകാലികൾ നിരത്തിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നാൽ 10,000 രൂപയാണ് ഇനി മുതൽ പിഴയായി ഈടാക്കുന്നത്. ഒരേ കന്നുകാലിയെ മൂന്ന് തവണ ഇത്തരത്തിൽ പിടികൂടിയാൽ ഉടൻ തന്നെ ലേലം വിളിച്ചു വിൽക്കാൻ നടപടിയെടുക്കുമെന്നും മേയർ അറിയിച്ചു. ഉടൻ തന്നെ ചിപ്പ് സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കും.
കാട്ടാനകളിലും മറ്റും ഇത്തരത്തിൽ ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽ കന്നുകാലികളിൽ ചിപ്പുകൾ വെച്ചിട്ടുണ്ട്. ഇതേ മാർഗമാണ് ചെന്നൈയിലും പിന്തുടരുക.
തെരുവുകളിൽനിന്ന് കന്നുകാലികളെ പിടികൂടുന്ന നടപടി തുടരുന്നുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കന്നുകാലികളെ പിടികൂടാൻ താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇതുവരെ 1,212 കന്നുകാലികളെ പിടികൂടിയിട്ടുണ്ട്.