കൊച്ചി: സംവിധായകൻ ഒമർ ലുലു രാസലഹരി കലർന്ന പാനിയം നൽകി മയക്കി ബലാത്സംഗം ചെയ്തെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ.
കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആരോപിച്ചു. ബലാത്സംഗ കേസിൽ ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ആരോപണം.
വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹവാഗ്ദാനം നൽകിയും വരാനിരിക്കുന്ന സിനിമകളിൽ അവസരം വാഗ്ദാനം ചെയ്തുമായിരുന്നു പീഡനം എന്നാണ് നടി പറയുന്നത്.
കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാൻ തയാറാകണം.
സ്വാധീന ശക്തിയുള്ള ആളായതിനാൽ ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
നടിയേയും കക്ഷി ചേർത്ത ജസ്റ്റിസ് സിഎസ് ഡയസ് ഹർജി 22ന് പരിഗണിക്കാൻ മാറ്റി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ കേസിന് പിന്നിൽ വ്യക്തി വിരോധമാണെന്നായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. നടി അടുത്ത സുഹൃത്താണെന്നു സംവിധായകൻ സമ്മതിച്ചു.
എന്നാൽ പിന്നീട് സൗഹൃദം ഉപേക്ഷിച്ചു. ഇതിന്റെ വിരോധമാണ് പരാതിക്ക് കാരണം. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള നീക്കം കൂടി പരാതിക്കു പിന്നിലുണ്ടെന്നു സംവിധായകൻ ആരോപിച്ചിരുന്നു.