നീറ്റ് പരീക്ഷ വിദ്യാർഥിവിരുദ്ധമാണ്; നീറ്റ് ഉപേക്ഷിക്കണമെന്ന് വിജയ്; പ്രസ്താവനയെ സ്വാഗതംചെയ്ത് അണ്ണാ ഡി.എം.കെ.യും കോൺഗ്രസും

0 0
Read Time:3 Minute, 34 Second

ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരേ തമിഴ്‌നാട് സർക്കാരും ദ്രാവിഡകക്ഷികളും നടത്തുന്ന പോരാട്ടത്തിന് തമിഴക വെട്രിക്കഴകം നേതാവും നടനുമായ വിജയ് പിന്തുണ പ്രഖ്യാപിച്ചു.

നീറ്റ് പരീക്ഷയ്ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അത് പൂർണമായി നിർത്തലാക്കണമെന്നും വിജയ് ബുധനാഴ്ച ആവശ്യപ്പെട്ടു.

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ പിന്നാക്കമേഖലകളിൽനിന്ന് വരുന്ന പാവപ്പെട്ട കുട്ടികൾക്ക് അവസരം നഷ്ടമാകാൻ കാരണമാകുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്.

തമിഴ്‌നാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കുന്ന ബിൽ സംസ്ഥാന നിയമസഭ രണ്ടുതവണ ഐകകണ്ഠ്യേന പാസാക്കിയെങ്കിലും ഇതുവരെ അത് നിയമമായിട്ടില്ല.

ബില്ലിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ കഴിഞ്ഞയാഴ്ച പ്രമേയം പാസാക്കിയിരുന്നു. നീറ്റിനെതിരേ തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനുനടത്തിയ ചടങ്ങിൽ വിജയ് വ്യക്തമാക്കി.

‘‘നീറ്റ് പരീക്ഷ വിദ്യാർഥിവിരുദ്ധമാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെയാണ് അത് ബാധിക്കുന്നത്.

ഒരു രാജ്യം, ഒരു പ്രവേശനപരീക്ഷ എന്ന സങ്കല്പം ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന രാജ്യത്ത് പ്രായോഗികമല്ല. അത് വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിനുതന്നെ വിരുദ്ധമാണ്. നീറ്റ് പൂർണമായി എടുത്തുകളയുക മാത്രമാണ് പോംവഴി’’ – വിജയ് പറഞ്ഞു.

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽനിന്ന് സംസ്ഥാനപട്ടികയിലേക്ക് മാറ്റണമെന്നും വിജയ് ആവശ്യപ്പെട്ടു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന തമിഴക വെട്രിക്കഴകംകൂടി നിലപാട് വ്യക്തമാക്കിയതോടെ തമിഴ്‌നാട്ടിൽ ബി.ജെ.പി. ഒഴികെയുള്ള എല്ലാ കക്ഷികളും നീറ്റിന് എതിരാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

ഭരണകക്ഷിയായ ഡി.എം.കെ. നീറ്റിനെതിരേ പ്രതിഷേധപരിപാടികൾ നടത്തുന്ന ദിവസമാണ് വിജയ് പ്രസ്താവന നടത്തിയത്. ഡി.എം.കെ.യും പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ.യും കോൺഗ്രസും വിജയ് നടത്തിയ പ്രസ്താവനയെ സ്വാഗതംചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts