ചെന്നൈ: ചെന്നൈയിൽ 267 കിലോ സ്വർണം കടത്തിയ കേസിൽ എയർപോർട്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ ഇടങ്ങളിൽ പരിശോധന നടത്തി. തമിഴ്‌നാട് പോലീസും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്വർണം കടത്തിയ പ്രതികളുടെ വിവരങ്ങളും പ്രവർത്തന രീതികളെക്കുറിച്ചും കസ്റ്റംസിൽനിന്ന് വിവരംതേടി.
സ്വർണം കടത്തിയ ഈ സംഘത്തിന് മയക്കുമരുന്ന്കടത്തിലും പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു.
വിമാനത്താവളത്തിലെ കനത്ത പരിശോധനകൾക്കു വിധേയരാകാതെ എങ്ങനെയാണ് ഇവർ സ്വർണം കടത്തിയതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു.
ജൂൺ 29-നാണ് ചെന്നൈ വിമാനത്താവളത്തിൽ മുഹമ്മദ് സാബിർ അലി പിടിയിലായത്. പലപ്പോഴായി 167 കോടി വിലമതിക്കുന്ന 267 കിലോ സ്വർണം കടത്തുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. മലാശയത്തിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്.
വിമാനത്താവളത്തിൽ ഫാൻസികട നടത്തുന്ന സാബിർ അലിക്ക് ശ്രീലങ്കൻ ഹവാല സംഘവുമായി ബന്ധമുള്ളതായി വ്യക്തമായി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു പോകുന്ന വഴിയിലാണ് സാബിർ അലിയുടെ കട.
വിദ്വേദ പി.ആർ.ജി. എന്ന കമ്പനി വഴിയാണ് കട ലഭിച്ചത്. ഇതിന്റെ മാനേജിങ് ഡയറക്ടർ ജി.എ. പൃഥ്വിക്ക് സാബിർ അലിയുമായി ബന്ധമുള്ളതായി പറയപ്പെടുന്നു.
സ്വർണക്കടത്ത് പിടിക്കപ്പെട്ട സാഹചര്യത്തിൽ കുറച്ചുനാൾ മുമ്പ് പൃഥ്വി കമ്പനിയിൽനിന്ന് രാജി വെച്ചതും കൂടുതൽ സംശയത്തിനിടയാക്കി.
വിദ്വേദ പി.ആർ.ജി.യുമായി ശ്രീലങ്കൻ ഹവാല റാക്കറ്റിന് ബന്ധമുള്ളതായും കോടികളുടെ ഇടപാടു നടത്തിയതായും കണ്ടെത്തി. ശ്രീലങ്കൻ പൗരനായ കുമാർ നൽകിയ 77.44 ലക്ഷം രൂപ ഉപയോഗിച്ചാണ് സാബിർ അലി കട തുറന്നതെന്നാണ് വിവരം.
കുമാർ നൽകിയ പണത്തിൽനിന്ന് 30 ലക്ഷം രൂപ വിദ്വേദ പി.ആർ.ജി.ക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.
സ്വർണം കടത്തുക എന്ന ലക്ഷ്യത്തോടെത്തന്നെയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നതരെ സ്വാധീനിച്ച് കട ആരംഭിച്ചതെന്ന് സാബിർ അലി മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ എയർപോർട്ട് ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നത്.