ചെന്നൈ : മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഓൺലൈൻ വിൽപ്പന സംബന്ധിച്ച നയത്തിന് എത്രയുംപെട്ടെന്ന് രൂപംനൽകാൻ മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശംനൽകി.
അതുവരെ ഈ വിഷയത്തിൽ തത്സ്ഥിതിതുടരണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യവും ജസ്റ്റിസ് സി. കുമരപ്പനുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മരുന്നുകളുടെ ഓൺലൈൻ വിൽപ്പന തടഞ്ഞുകൊണ്ട് 2018-ൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരേ നൽകിയ എട്ട് ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
കേന്ദ്രസർക്കാർ നയം പ്രഖ്യാപിക്കുകയോ ഇതുസംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിലുള്ള കേസിൽ അന്തിമവിധി വരികയോ ചെയ്യുന്നതുവരെ നിലവിലുള്ളസ്ഥിതി തുടരാമെന്ന് കോടതി നിർദേശിച്ചു.
എന്നാൽ, ലൈസൻസുള്ള മരുന്നുവിൽപ്പനക്കാരേ ഓൺലൈൻ വിൽപ്പന നടത്താവൂ.
മരുന്നുകളുടെ ഓൺലൈൻ വിൽപ്പന സംബന്ധിച്ച നയത്തിന് രൂപംനൽകി വരികയാണെന്ന് കേന്ദ്രസർക്കാർ നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നു.
എല്ലാവശങ്ങളും പരിശോധിച്ച് സമഗ്രനയം രൂപപ്പെടുത്തണം എന്നതുകൊണ്ട് ഇതിന് സമയമെടുക്കുമെന്ന് കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ എൻ. രമേഷ് കോടതിയെ അറിയിച്ചു.
നാലുമാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ഡൽഹി ഹൈക്കോടതി ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുള്ള കാര്യം കോടതി ഓർമ്മിപ്പിച്ചു.