അണ്ണാ ഡി.എം.കെ. നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ

0 0
Read Time:3 Minute, 30 Second

സേലം : അണ്ണാ ഡി.എം.കെ. സേലം കൊണ്ടലാംപട്ടി മേഖലാ സെക്രട്ടറി ഷൺമുഖത്തെ (60) ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

കൊണ്ടലാംപട്ടിയിലെ പാർട്ടി ഓഫീസിൽനിന്ന് ദാദകാപട്ടിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിച്ചത്. സംഭവത്തിൽ ഡി.എം.കെ. പ്രാദേശികനേതാവും സേലം കോർപ്പറേഷൻ 55-ാം വാർഡ് കൗൺസിലറുടെ ഭർത്താവുമായ സതീഷ്‌കുമാർ ഉൾപ്പെടെ ഒൻപതുപേരെ അറസ്റ്റ് ചെയ്തു.

പോലീസിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് സതീഷ്‌കുമാർ (48), അരുൺകുമാർ (28), മുരുകൻ (23), ബാബു (45), ശ്രീനിവാസൻ (25), ഭൂപതി (25), കറുപ്പണ്ണൻ (31), ഗൗതമൻ (33), നവീൻ (25) എന്നിവരെ വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.

പത്തുദിവസംമുമ്പ് ഷൺമുഖവും സതീഷ്‌കുമാറും തമ്മിൽ വഴക്കുണ്ടായതായി പറയുന്നു. പ്രദേശത്തെ കഞ്ചാവുവില്പന സംബന്ധിച്ച് ഷൺമുഖം പോലീസിൽ പരാതിയും നൽകിയിരുന്നു.

രാത്രി പാർട്ടി ഓഫീസ് പൂട്ടി വീട്ടിലേക്കുപോകുമ്പോൾ രണ്ട്‌ ബൈക്കുകളിൽവന്ന അഞ്ചുപേർ സഞ്ജീവരായൻപേട്ട ഭാഗത്തുവെച്ച് ആക്രമിക്കയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്.

വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമാണ് ആക്രമിച്ചത്. ആയുധങ്ങൾകൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരപരിക്കേറ്റ ഷൺമുഖം സംഭവസ്ഥലത്തുതന്നെ മരിച്ചു.

സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സിറ്റിപോലീസ് കമ്മിഷണർ വിജയകുമാരിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.

ഉടൻ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ബന്ധുക്കളും പാർട്ടി പ്രവർത്തകരും സമ്മതിച്ചില്ല. മുൻ എം.എൽ.എ. ജി. വെങ്കിടാചലത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തടിച്ചുകൂടി.

കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാത്രി ഒരുമണിവരെ സേലം-തിരുച്ചിറപ്പള്ളി റോഡ് ഉപരോധിച്ചു. യഥാർഥ കൊലയാളികളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ബന്ധുക്കളും പ്രവർത്തകരും ആശുപത്രിയിലും സമരം നടത്തിയിരുന്നു.

കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പുലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. അന്നദാനപ്പട്ടി പോലീസിൽ പരാതിനൽകുകയും ചെയ്തു.

പിടിയിലായവരെ പോലീസ് ചോദ്യംചെയ്യുകയാണ്. മൃതദേഹം സേലം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts