ഈ അടുത്ത കാലത്ത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ തെന്നിന്ത്യൻ സിനിമകൾ സൃഷ്ടിച്ച തരംഗം ചെറുതല്ല.
ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് തെന്നിന്ത്യൻ സിനിമ ലോകം അതിന്റെ ഉയർച്ചയുടെ പടവുകൾ താണ്ടുകയാണിപ്പോൾ.
ബാഹുബലി: ദ് ബിഗിനിങ്ങിൽ തുടങ്ങി കെജിഎഫ് ചാപ്റ്ററുകളിലൂടെ കടന്ന് കാന്താര, പുഷ്പ, ആര്‍ആര്‍ആര്‍, കൽക്കി 2898 എഡി ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തുടര്‍ന്നു പോരുകയാണ് ഈ ദക്ഷിണേന്ത്യന്‍ തരംഗം.
പ്രാദേശികതയുടെ വേലിക്കെട്ടുകൾ തകർത്ത് നാനാദിക്കിലുമുള്ള പ്രേക്ഷകരെ ഒന്നിച്ച് ചേർത്തു നിർത്തുകയാണ് ഇത്തരം പാൻ ഇന്ത്യൻ സിനിമകൾ. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചില പാൻ ഇന്ത്യൻ സിനിമകളിലൂടെ…
1. ഇന്ത്യൻ 2
ശങ്കർ – കമൽ ഹാസൻ കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമാണ് ഇന്ത്യൻ 2. ഈ മാസം 12 ന് ചിത്രം തിയറ്ററുകളിലെത്തും. 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണിത്. സേനാപതിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ കമൽ ഹാസനെത്തുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെയും ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
2. പുഷ്പ 2: ദ് റൂൾ
ഇന്ത്യയൊട്ടാകെ തരംഗ സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു പുഷ്പ. 2021 ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് തിയറ്ററുകളിലെത്തുന്നത്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പുഷ്പ രാജ് എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു അർജുനെത്തുന്നത്. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
3. കങ്കുവ
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ. 300 കോടി ബജറ്റിലാണ് കങ്കുവ ഒരുങ്ങുന്നത്. ഒക്ടോബർ 10 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ബോബി ഡിയോൾ, ദിഷ പഠാനി, ജഗപതി ബാബു, യോഗി ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. 13 ഓളം വ്യത്യസ്ത ലുക്കുകളിൽ സൂര്യ ചിത്രത്തിലെത്തുന്നുണ്ടെന്നാണ് വിവരം.
4. ടോക്സിക്
യഷ് നായകനാകുന്ന ചിത്രത്തിൽ സായ് പല്ലവി, കരീന കപൂർ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2025 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യും. 2023 ലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്.
5. ദേവര: പാർട്ട് 1
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂനിയർ എൻടിആറാണ് പ്രധാന വേഷത്തിലെത്തുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായിക. സെപ്റ്റംബർ 27 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.