ചെന്നൈ : സ്റ്റോപ്പിൽ തീവണ്ടി നിർത്താതിരുന്ന തിനെത്തുടർന്ന് രണ്ട് ലോക്കോ പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു.
തിരുനൽവേലിയിലെ ലോക്കോ പൈലറ്റ് എ.എസ്. വിഷ്ണു, സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എ. ഷൺമുഖ വേലായുധൻ എന്നിവർക്കെതിരേയാണ് നടപടി.
തിരുനൽവേലി-മേട്ടുപ്പാളയം പ്രത്യേക തീവണ്ടിയിലാണ് സംഭവം.
ഞായറാഴ്ച രാവിലെ എഴുമണിക്ക് തിരുനൽവേലിയിൽനിന്ന് പുറപ്പെട്ട വണ്ടി 7.15-ന് തൊട്ടടുത്ത കള്ളിടക്കുറിച്ചിയിൽ നിർത്തേണ്ടതായിരുന്നു.
എന്നാൽ അവിടെ നിർത്താതെ അംബാസമുദ്രത്തിലാണ് നിർത്തിയത്.
കള്ളിടക്കുറിച്ചിയിൽ ഇറങ്ങേണ്ട യാത്രക്കാർ അംബാസമുദ്രം സ്റ്റേഷനിലിറങ്ങി പ്രതിഷേധമറിയിച്ചു.
കള്ളിടക്കുറിച്ചിയിൽ കയറാൻനിന്ന അമ്പതിലേറെപ്പേരും പ്രതിഷധവുമായെത്തി.
ലോക്കോ പൈലറ്റ് പുതിയ ആളായിരുന്നെന്നും അവർക്കു കിട്ടിയ മാപ്പിൽ കള്ളിടക്കുറിച്ചി സ്റ്റോപ്പ് രേഖപ്പെടുത്തിയിരുന്നില്ലെന്നും റെയിൽവേ അധികൃതർ പറയുന്നു.