ചെന്നൈ : ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ കടലിലുള്ള രാമസേതുവിന്റെ പൂർണമായ ജലാന്തര ഭൂപടം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) തയ്യാറാക്കി.
കടലിനടിയിലുള്ള ദൃശ്യങ്ങളാണ് ഈ ഭൂപടത്തിലുള്ളത്. രാമസേതുവിന്റെ ഉദ്ഭവം സംബന്ധിച്ച സംശയങ്ങൾക്ക് തീർപ്പുകല്പിക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
അമേരിക്കയുടെ ഐസ് സാറ്റ്-2 ഉപഗ്രഹത്തിൽനിന്ന് ലഭിച്ച വിവരങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചാണ് ഐ.എസ്.ആർ.ഒ.യുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞർ വിശദഭൂപടം തയ്യാറാക്കിയത്.
രാമസേതുവിന്റെ 99.98 ശതമാനവും വെള്ളത്തിനടിയിലാണെന്നും കടലിന്റെ അടിത്തട്ടിൽനിന്ന് അതിന് എട്ടുമീറ്റർവരെ ഉയരമുണ്ടെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ജേണൽ ഓഫ് സയന്റിഫിക് റിപ്പോർട്സിലാണ് ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വെള്ളത്തിനടിയിൽച്ചെന്ന് പ്രതിബിംബിക്കുന്ന ലേസർ രശ്മികളുപയോഗിച്ചായിരുന്നു ഐസ് സാറ്റിന്റെ പഠനം.
ഇന്ത്യയിലെ രാമേശ്വരം ദ്വീപിലെ ധനുഷ്കോടിക്കും ശ്രീലങ്കയിലെ മാന്നാർ ദ്വീപിലെ തലൈമാന്നാറിനുമിടയ്ക്ക് കടലിൽ അല്പം ഉയർന്നുകിടക്കുന്ന, ചുണ്ണാമ്പുകല്ലുകൊണ്ടുള്ള തിട്ടയാണ് രാമസേതു.
ഇന്ത്യക്കുപുറത്ത് ഇത് ആഡംസ് ബ്രിഡ്ജ് അഥവാ ആദാമിന്റെ പാലം എന്നാണ് അറിയപ്പെടുന്നത്. ധനുഷ്കോടിയുടെയും തലൈമാന്നാറിന്റെയും കടലിനടിയിലൂടെയുള്ള തുടർച്ചയാണ് രാമസേതു എന്നാണ് നിഗമനം.
ഇതിന്റെ ഇരുവശത്തുമായി ഒന്നരക്കിലോമീറ്ററോളം വീതിയിൽ കടലിന് ആഴം കുറവാണ്. എന്നാൽ, ഇടയ്ക്കിടെ ആഴമുള്ള ഗർത്തങ്ങളുണ്ട്.
ഒരുകാലത്ത് ശ്രീലങ്കയും ഇന്ത്യയും കരവഴി ബന്ധിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കടലിലെ ജലപ്രവാഹംനിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ടാണ് രാമസേതു രൂപംകൊണ്ടത് എന്നാണു കരുതുന്നത്.