Read Time:1 Minute, 22 Second
ബെംഗളൂരു : കാവേരിയിൽനിന്ന് ദിവസവും 11,500 ക്യുസെക്സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകത്തോട് ആവശ്യപ്പെട്ടു. ഈ മാസം 31 വരെയാണ് വെള്ളം കൊടുക്കേണ്ടത്.
നിലവിലെ അവസ്ഥയിൽ വെള്ളം വിട്ടുകൊടുക്കാനാകില്ലെന്ന് കർണാടകം കമ്മിറ്റിയെ അറിയിച്ചിരുന്നു. ഈവർഷം ജൂൺ ഒന്നിനും ജൂലായ് ഒൻപതിനും ഇടയിൽ കർണാടകത്തിലെ നാലു പ്രധാന അണക്കെട്ടുകളിലേക്ക് എത്തിയത് 41.651 ടി.എം.സി. അടി വെള്ളമാണെന്നും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് 28.71 ശതമാനം കുറവാണെന്നുമാണ് സംസ്ഥാനസർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയെ കഴിഞ്ഞദിവസം അറിയിച്ചത്.
നിലവിൽ നാലു അണക്കെട്ടുകളിലുംകൂടി 58.66 ടി.എം.സി. അടി വെള്ളമാണുള്ളത്. വെള്ളം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ഈമാസം 25 വരെ തീരുമാനമെടുക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.