ചെന്നൈ : തമിഴ്നാട്ടിൽ സ്ലാബ് അടിസ്ഥാനത്തിൽ വൈദ്യുതി നിരക്ക് 20 മുതൽ 55 പൈസവരെ വർധിപ്പിച്ചു. രണ്ട് മാസത്തിൽ 400 യൂണിറ്റ് വരെ ഉപയോഗിച്ചിരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 4.60 രൂപയിൽ നിന്ന് 4.80 രൂപയാക്കി ഉയർത്തി.
400 മുതൽ 500 രൂപവരെ യൂണിറ്റ് ഉപയോഗിക്കുന്നവരുടെ നിരക്ക് 6.15 ൽനിന്ന് 6.45 രൂപയാക്കി. 500-നും 600 യൂണിറ്റിനും ഇടയിൽ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് യൂണിറ്റിന് 8.15 രൂപയിൽനിന്ന് 8.55 രൂപയാക്കിയിട്ടുണ്ട്. 601-നും 800 യൂണിറ്റുനുമിടയിൽ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് യൂണിറ്റിന് 9.20 രൂപയിൽനിന്ന് 9.65 ആയും ഉയർത്തി.
800-നും 1000 യൂണിറ്റിനുമിടയിൽ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് യൂണിറ്റിന് 10.25 രൂപയിൽനിന്ന് 10.70 രൂപയാക്കി.
1,000 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് യൂണിറ്റിന് 11.25 രൂപയിൽനിന്ന് 11.80 രൂപയാക്കിയും വർധിപ്പിച്ചു.
500 യൂണിറ്റ് നിരക്ക് ഉപയോഗിക്കുന്നവരുടെ ദ്വൈമാസ വൈദ്യുതി നിരക്ക് 2,455 രൂപയിൽനിന്ന് 2,565 യായി ഉയരും.
ഫ്ലാറ്റ് സമുച്ചയങ്ങളുടെ പൊതുവായ ആവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് യൂണിറ്റിന് 8.15 രൂപയിൽനിന്ന് 8.55 രൂപയാക്കിയിട്ടുണ്ട്.
ആരാധനാലയങ്ങൾ, റിസോർട്ടുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ വൈദ്യുതി നിരക്കും വർധിപ്പിച്ചിട്ടുണ്ട്. വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി.