സംഗീത സംവിധായകൻ രമേശ് നാരായണനുമായ ബന്ധപ്പട്ട വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ആസിഫ് അലി. തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്.
എന്നാല്‍ ആ പിന്തുണ മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമാകരുത്.
മതപരമായ രീതിയില്‍ വരെ ഇത് ചർച്ച ചെയ്യപ്പെടുന്നത് താൻ ശ്രദ്ധിച്ചുവെന്നും അത്തരത്തിലുള്ള തലങ്ങളിലേക്ക് ഈ ചർച്ചയെ എത്തിക്കരുതെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.
ആസിഫ് അലി പറഞ്ഞത്:
അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാമ്പയിനുകള്‍ നടക്കുന്നത് ഞാൻ കണ്ടത് കൊണ്ടാണ് ഞാൻ ഇപ്പോള്‍ സംസാരിക്കാൻ തയ്യാറായത്. ഒന്ന് അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിക്കാൻ മറന്നു, അതിനുശേഷം പേര് തെറ്റിവിളിച്ചു. അപ്പോള്‍ എല്ലാ മനുഷ്യനുമുണ്ടാകുന്ന ഒരു ടെൻഷൻ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാവാം. ഞാൻ പുരസ്കാരം കൊടുക്കുന്ന സമയത്തും അദ്ദേഹത്തിന്റെ കാലിന് ഒരു ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് അദ്ദേഹം സ്റ്റേജിലേക്ക് കയറാതിരുന്നത്. ഒരുപാട് പ്രശ്നങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ആ സമയത്ത് നമ്മള്‍ എല്ലാ മനുഷ്യരും പ്രതികരിച്ചത് പോലെ തന്നെയാണ് അദ്ദേഹവും പ്രതികരിച്ചത്. എനിക്ക് ആ വിഷയത്തില്‍ യാതൊരു തരത്തിലുമുള്ള വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ല. തീർച്ചയായും ആ അവസരത്തില്‍ അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന എന്തെങ്കിലും തരത്തിലുള്ള പിരിമുറുക്കത്തിന്റെ പേരിലായിരിക്കണം അത്. അല്ലാതെ എനിക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് അവിടെ നിന്നും ഉണ്ടായിട്ടില്ല. എന്റെ പ്രതികരണത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് അത് മനസ്സിലാക്കാം. ഞാൻ പുരസ്കാരം കൊടുത്ത് അദ്ദേഹം ജയരാജ് സാറിനെ വിളിക്കുന്ന സമയത്ത് ഞാൻ അവിടെ നിന്നും മാറി നില്‍ക്കുകയാണ് ചെയ്തത്. കാര്യം ഞാൻ അവിടെ ചെയ്യാനുള്ള കാര്യം ചെയ്തു കഴിഞ്ഞിരുന്നു.
എനിക്ക് നല്ല പനിയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ഞാൻ ഇത് ഓണ്‍ലെെനില്‍ ശ്രദ്ധിച്ചത്. ഇതിന് എന്ത് മറുപടി കൊടുക്കും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. കാരണം ഞാൻ ഇതിന് നല്‍കുന്ന മറുപടി മറ്റൊരു തലത്തിലേക്ക് പോകാൻ പാടില്ല എന്നെനിക്കുണ്ടായിരുന്നു. മതപരമായ രീതിയില്‍ വരെ ഇത് ചർച്ച ചെയ്യപ്പെടുന്നത് ഞാൻ കണ്ടു. അങ്ങനെയൊന്നുമില്ല. ഇത് ആ ഒരു നിമിഷത്തില്‍ സംഭവിച്ച തെറ്റിദ്ധാരണയാണ്. ഞാൻ ഇന്ന് രാവിലെ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അതെനിക്ക് വലിയ സങ്കടമായി. പ്രായം വച്ചോ സീനിയോറിറ്റി വച്ചോ അദ്ദേഹം എന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.
എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നിയ ഒരു ദിവസമായിരുന്നു ഇന്നലെ. ലോകത്തുള്ള എല്ലാ മലയാളികളും എന്നെ സോഷ്യല്‍ മീഡിയ വഴി പിന്തുണയ്ക്കുന്നത് ഞാൻ കണ്ടു. അതിലെല്ലാം എനിക്ക് സന്തോഷമുണ്ട്. കലയോളം തന്നെ കലാകാരന്മാരെ സ്നേഹിക്കുന്നവരാണ് മലയാളികള്‍ എന്ന് നമ്മള്‍ ഇന്നലെ തെളിയിച്ചു. പക്ഷേ അതിനൊപ്പം അദ്ദേഹത്തിനെതിരെ ഒരു ഹേറ്റ് ക്യാമ്പയിൻ ഉണ്ടാകുന്നതിനോട് എനിക്ക് ഒരു താല്‍പര്യവുമില്ല, അദ്ദേഹം മനപൂർവ്വം ചെയ്തതല്ല, അങ്ങനെ മനപൂർവ്വം ചെയ്യുന്ന ഒരാളുമല്ല, ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല.