ചെന്നൈ : തമിഴ്നാട്ടിൽ ഐ.എ.എസ്. തലത്തിൽ വൻഅഴിച്ചുപണി. ആഭ്യന്തര സെക്രട്ടറിസ്ഥാനത്തുനിന്ന് പി. അമുദയെ നീക്കി പകരം ധീരജ് കുമാറിനെ നിയമിച്ചു.
പകരം അമുദയെ റവന്യു-ദുരന്തനിവാരണ സെക്രട്ടറിയാക്കി. ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജെ. രാധാകൃഷ്ണനെ ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണവകുപ്പ് സെക്രട്ടറിയാക്കി. ജെ. കുമാരഗുരുവരനാണ് ചെന്നൈ കോർപ്പറേഷന്റെ പുതിയ കമ്മിഷണർ.
ചീഫ് സെക്രട്ടറി ശിവദാസ് മീണയാണ് ചൊവ്വാഴ്ച ഉത്തരവുകൾ പുത്തിറക്കിയത്. എസ്. മധുമതിയാണ് സ്കൂൾ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി.
കുമാർ ജയന്തിനെ വിവരസാങ്കേതികവിഭാഗം സെക്രട്ടറിയായും ഹർ സഹായ് മീണയെ സ്പെഷ്യൽ ഇനിഷ്യേറ്റീവ്സ് വകുപ്പ് സെക്രട്ടറിയായും കെ. വീരരാഘവ റാവുവിനെ നൈപുണ്യവികസന കോർപ്പറേഷൻ സെക്രട്ടറിയായും നിയമിച്ചു.
പത്തുകളക്ടർമാർക്കും സ്ഥലംമാറ്റമുണ്ട്. മലയാളിയായ പി. ആകാശിനെ നാഗപട്ടണം കളക്ടറാക്കി. ജെ.യു. ചന്ദ്രകലയെ റാണിപ്പേട്ട് കളക്ടറായും എം. അരുണയെ പുതുക്കോട്ട കളക്ടറായും ലക്ഷ്മി ഭവ്യയെ നീലഗിരി കളക്ടറായും ബി. പ്രിയങ്കയെ തഞ്ചാവൂർ കളക്ടറായും പി. രത്നസാമിയെ അരിയല്ലൂർ കളക്ടറായും ആർ. അഴകുമീനയെ കന്യാകുമാരി കളക്ടറായും നിയമിച്ചു.
അടുത്തകാലംവരെ കള്ളക്കുറിച്ചി കളക്ടറായിരുന്ന ശ്രാവൺ കുമാർ ജാതവേദിനെ ഭവന-നഗരവികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി.