ചെന്നൈ : കമൽഹാസൻ നായകനായ ‘ഇന്ത്യൻ-2’ സിനിമയുടെ 12 മിനിറ്റ് ദൈർഘ്യമുള്ള വിവിധരംഗങ്ങൾ വെട്ടിക്കുറച്ചു.
നിർമാതാക്കളായ ലൈക്ക പ്രൊഡക്‌ഷൻസാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അമിതദൈർഘ്യവും അനാവശ്യരംഗങ്ങളും ചിത്രത്തിന്റെ വിജയത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന വിമർശനങ്ങൾ ശക്തമായതിനെത്തുടർന്നാണ് സംവിധായകൻ ശങ്കർ അത്തരം രംഗങ്ങൾ വെട്ടിമാറ്റിയതെന്ന് നിർമാതാക്കൾ വിശദമാക്കി.
1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാംഭാഗമാണിത്. ഇന്ത്യൻ ഒന്നാംഭാഗം സൂപ്പർ ഹിറ്റായിരുന്നു.
എന്നാൽ രണ്ടാംഭാഗം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് പൊതുവെയുള്ള അഭിപ്രായം. ജൂലായ് 12-നാണ് ഇന്ത്യൻ-2 പ്രദർശനത്തിനെത്തിയത്.
ലൈക്ക പ്രൊഡക്‌ഷൻസിനൊപ്പം റെഡ് ജയിന്റ് മൂവീസും നിർമാണത്തിൽ സഹകരിച്ചു. കമൽഹാസനുപുറമേ എസ്.ജെ. സൂര്യ, സമുദ്രക്കനി, സാക്കിർ ഹുസൈൻ, രാഹുൽ പ്രീത് സിങ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.