ചെന്നൈ : സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണംലഭ്യമാക്കാൻ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലത്തു തുടക്കമിട്ട അമ്മ ഉണവകങ്ങൾ നവീകരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 21 കോടിരൂപ അനുവദിച്ചു.
വെള്ളിയാഴ്ച തേനാംപേട്ടിലെ അമ്മ ഉണവകത്തിൽ അപ്രതീക്ഷിത സന്ദർശനംനടത്തിയ സ്റ്റാലിൻ ഇവിടെയുള്ള അവസ്ഥ പരിശോധിച്ചു.
കഴിക്കാനെത്തിയവരോട് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചു ചോദിച്ചറിഞ്ഞു. ഭക്ഷണം തയ്യാറാക്കുന്നതിനെക്കുറിച്ച് ജീവനക്കാരോടു ചോദിച്ചു. അതിനു ശേഷമാണ് 21 കോടിരൂപ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ചെന്നൈയിലെ ഏഴ് സർക്കാർ ആശുപത്രികളുടേതുൾപ്പെടെ 388 അമ്മ ഉണവകങ്ങൾ നവീകരിക്കുന്നതിന് 14 കോടിയും പുതിയപാത്രങ്ങൾ വാങ്ങാൻ ഏഴുകോടിയുമാണ് വകയിരുത്തിയത്.
അമ്മ റസ്റ്ററന്റുകളിൽ പരിശോധന നടത്താനും ആവശ്യമായ സഹായം നൽകാനും മന്ത്രിമാർക്കും എം.എൽ.എ.മാർക്കും മുഖ്യമന്ത്രി നിർദേശംനൽകി.
അടുക്കള വൃത്തിയായിസൂക്ഷിക്കാനും പാവപ്പെട്ടവർക്ക് ഗുണമേന്മയുള്ള ഭക്ഷണംനൽകാനും നിർദേശിച്ചാണ് സ്റ്റാലിൻ മടങ്ങിയത്.
മുൻ അണ്ണാ ഡി.എം.കെ. സർക്കാർ തുടക്കമിട്ടതിനാൽ അമ്മ ഉണവകങ്ങളോട് ഡി.എം.കെ. സർക്കാർ മുഖംതിരിക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് സ്റ്റാലിന്റെ സന്ദർശനം.
അമ്മ ഉണവകങ്ങളിൽ പുതിയഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്തി മെച്ചപ്പെടുത്താൻ നേരത്തെ തീരുമാനമുണ്ടായിരുന്നു.
നിലവിൽ ഇഡ്ഡലിക്ക് ഒരു രൂപയാണ്. സാമ്പാർ ചോറ്്, നാരങ്ങാ ചോറ്്, തൈര് ചോറ്് എന്നിവയ്ക്ക് അഞ്ചുരൂപയും രണ്ടു ചപ്പാത്തിക്കും പരിപ്പുകറിക്കും മൂന്നു രൂപയുമാണ് നിരക്ക്.
പ്രതിവർഷം 120 കോടിരൂപയുടെ നഷ്ടത്തിലാണ് അമ്മ ഉണവകങ്ങളുടെ പ്രവർത്തനം. 20 കോടി രൂപ വരുമാനമുണ്ടെങ്കിലും നടത്തിപ്പു ചെലവ് 140 കോടിരൂപയാണ്.
ചെന്നൈക്ക് പുറമെ കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, തൂത്തുക്കുടി, സേലം, വെല്ലൂർ, തിരുപ്പൂർ തുടങ്ങിയ ഇടങ്ങളിലും അമ്മ ഉണവകങ്ങളുണ്ട്. 2013 ലാണ് ജയലളിത സർക്കാർ അമ്മ ഉണവകങ്ങൾ ആരംഭിച്ചത്.