ചെന്നൈ : തമിഴ്‌നാട്ടിൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായതിനെത്തുടർന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ഗുജറാത്തിൽ വിഷംകഴിച്ച് ജീവനൊടുക്കി.
തമിഴ്‌നാട് സ്വദേശിയായ, ഗുജറാത്ത് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രഞ്ജിത്ത് കുമാറിന്റെ ഭാര്യ സൂര്യയാണ് (45) മരിച്ചത്.
ഭർത്താവുമായി പിരിഞ്ഞുതാമസിക്കുകയായിരുന്ന സൂര്യ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായതിനെത്തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് തമിഴ്‌നാട്ടിൽനിന്ന് ഗാന്ധിനഗറിലെത്തിയത്.
വിവാഹമോചനത്തിനുള്ള നടപടി തുടരുന്നപശ്ചാത്തലത്തിൽ സൂര്യയെ വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് ജീവനക്കാർക്ക് രഞ്ജിത്ത് കുമാർ നിർദേശംനൽകിയിരുന്നു. ഇതുപ്രകാരം ജീവനക്കാർ തടഞ്ഞതോടെ സൂര്യ വിഷംകഴിക്കുകയായിരുന്നു.
വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ സൂര്യയെയും സുഹൃത്ത് മഹാരാജിനെയും പിടികൂടാൻ തമിഴ്‌നാട് പോലീസ് തിരച്ചിൽനടത്തുന്നതിനിടെയാണ് സംഭവം .
മധുരയിൽ ജൂലായ് പതിനൊന്നിനാണ് പത്താംക്ലാസ് വിദ്യാർഥിയെയും ഓട്ടോഡ്രൈവറെയും ഒരുസംഘമാളുകൾ തട്ടിക്കൊണ്ടുപോയത്.
ഇവരെ മോചിപ്പിക്കുന്നതിന് രണ്ടുകോടിരൂപ നൽകണമെന്ന് വിദ്യാർഥിയുടെ മാതാപിതാക്കളെ ഫോണിൽവിളിച്ച് ആവശ്യപ്പെട്ടു. ഇവർനൽകിയ പരാതിയിൽ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വിദ്യാർഥിയെയും ഓട്ടോഡ്രൈവറെയും മോചിപ്പിച്ചു. മുൻപോലീസുകാരനടക്കം നാലുപേർ അറസ്റ്റിലുമായി.
ഗുണ്ടാനേതാവുകൂടിയായ മഹാരാജയ്ക്കും സൂര്യയ്ക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടെന്ന് അറസ്റ്റിലായവരെ ചോദ്യംചെയ്തതിൽനിന്ന് വ്യക്തമായിരുന്നു.
തുടർന്നാണ് ഇവർക്കായി തിരച്ചിലാരംഭിച്ചത്. കുറച്ചുനാൾ മുൻപാണ് രഞ്ജിത്ത് കുമാറിനെ ഉപേക്ഷിച്ച് സൂര്യ മഹാരാജയ്ക്കൊപ്പം പോയത്.
തന്റെ മകൾ നിരപരാധിയായിരുന്നെന്നും മഹാരാജ ചതിയിൽവീഴ്ത്തുകയായിരുന്നെന്നും സൂര്യയുടെ അമ്മ ആരോപിച്ചു.