ചെന്നൈ: കേന്ദ്ര ബജറ്റിൽ തമിഴ്‌നാടിന്റെ വികസനത്തിന് വേണ്ടത്ര ഫണ്ടും പദ്ധതികളും അനുവദിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് 27-ന് സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിൽ ധർണ നടത്തുമെന്ന് ഡി.എം.കെ. സംസ്ഥാന നേതൃത്വം അറിയിച്ചു.
27-ന് ശേഷം ഡി.എം.കെ. എം.പി.മാർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ധർണ നടത്തുമെന്നും അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ലെന്നും ഡി.എം.കെ. പത്രക്കുറിപ്പിൽ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ അനീതിയിൽ പ്രതിഷേധിച്ച് നടത്തുന്ന ധർണയിൽ ഡി.എം.കെ. എം.എൽ.എ.മാരും എം.പി.മാരും പങ്കെടുക്കും. ഏതാനും സംസ്ഥാനങ്ങളുടെ താത്പര്യത്തിനനുസൃതമായാണ് പദ്ധതികൾ അനുവദിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽ നിർമാണത്തിലിരിക്കുന്ന പദ്ധതികൾക്ക് പോലും ഫണ്ട് അനുവദിച്ചില്ല. അതുപോലെ മധുര, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതിക്കും ഫണ്ട് അനുവദിച്ചില്ല. പ്രധാനമന്ത്രിയും ബജറ്റിൽ തമിഴ്‌നാടിനെ അവഗണിച്ചതായി പത്രക്കുറിപ്പിൽപറയുന്നു.