ചെന്നൈ : അധ്യാപക നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ അണ്ണാ സർവകലാശാലയ്ക്കു കീഴിലുള്ള 295 സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്ക് കാരണംകാണിക്കൽ നോട്ടീസ്.
സർവകലാശാലാ ചാൻസലർ കൂടിയായ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നിർദേശത്തെത്തുടർന്ന് വൈസ് ചാൻസലർ ആർ. വേൽരാജാണ് നോട്ടീസയച്ചത്.
ഒരേ അധ്യാപകരെത്തന്നെ പല കോളേജുകളിൽ ഒരേസമയം നിയമിച്ചതിലൂടെ ശമ്പളത്തുകയിൽ വൻ ക്രമക്കേടു നടത്തിയെന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോളേജുകൾ ഒരാഴ്ച സമയം ചോദിച്ചിട്ടുണ്ട്.
പരിശോധനയ്ക്കിടെ സർവകലാശാല അധികൃതർക്ക് അധ്യാപകരുടെ വ്യാജ ആധാറും പാൻകാർഡും നൽകിയതിനെക്കുറിച്ചും കോളേജുകൾ വിശദീകരണം നൽകേണ്ടിവരും.
ക്രമക്കേടിനെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ ഗവർണർ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം സർവകലാശാല പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ അധ്യാപകരുടെ നിയമനത്തിൽ ക്രമക്കേടു നടത്തിയ 70 കോളേജുകളുടെ വിവരമാണുണ്ടായിരുന്നത്.
എന്നാൽ, വിശദപരിശോധനയ്ക്കുശേഷം 295 കോളേജുകൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. അഴിമതിക്കെതിരേ പ്രവർത്തിക്കുന്ന സംഘടനയായ അരപ്പോർ ഇയക്കമാണ് പരാതിയുമായി രംഗത്തെത്തിയത്. അന്വേഷണമാവശ്യപ്പെട്ട് സംഘടന വിജിലൻസിന് പരാതിയും നൽകി.
11 വ്യത്യസ്ത എൻജിനിയറിങ് കോളേജുകളിൽ രണ്ടധ്യാപകരും പത്തെണ്ണത്തിൽ മൂന്ന് അധ്യാപകരും ഒരേസമയം ജോലിചെയ്യുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
പല അധ്യാപകരും പിഎച്ച്.ഡി. തീസിസിന്റെ വ്യത്യസ്ത തലക്കെട്ടുകൾ വ്യാജമായി തയ്യാറാക്കി നൽകി.
ഫോട്ടോയും മാറ്റി. ഒരു കോളേജിൽ താടിയുള്ള ഫോട്ടോയും മറ്റൊന്നിൽ താടിയില്ലാത്ത ഫോട്ടോയും നൽകി അധ്യാപകർ കബളിപ്പിച്ചു.
ഫാക്കൽറ്റി അംഗങ്ങളെ നിയമിക്കുന്നതിനുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.) മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിയമനമെന്നും അരപ്പോർ ഇയക്കത്തിന്റെ പരാതിയിൽ പറയുന്നു.