ചെന്നൈ : അയൽവീട്ടിൽനിന്ന് പണം മോഷ്ടിച്ചെന്ന പരാതിയിൽ അമ്മയുടെ ക്രൂരമായ ആക്രമണമേറ്റ ബാലികയ്ക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി ജില്ലയിലെ പോച്ചമ്പള്ളിയിലാണ് സംഭവം. ശരണ്യയാണ് (12) മരിച്ചത്. അമ്മ സത്യ(34)യെ പോലീസ് അറസ്റ്റുചെയ്തു.
ഏതാനും ദിവസംമുൻപ് ശരണ്യ തങ്ങളുടെ വീട്ടിൽനിന്ന് പണം മോഷ്ടിച്ചെന്ന് അയൽവാസികളിൽ ചിലർ സത്യയോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിൽ സത്യ മകളെ അടിക്കുകയും വീടിന്റെ ചുമരിൽ തലയിടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശരണ്യയെ അമ്മതന്നെ ഉടൻ പോച്ചമ്പള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചു.
മകൾ കട്ടിലിൽനിന്ന് വീണതാണെന്നാണ് ഡോക്ടർമാരോടുപറഞ്ഞത്.
തലയ്ക്കേറ്റ ക്ഷതം അതീവഗുരുതരമായതിനാൽ അവിടെനിന്ന് ധർമപുരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രി അധികൃതർനൽകിയ വിവരത്തെത്തുടർന്ന് പോലീസ് കേസെടുത്ത് സത്യയെ അറസ്റ്റുചെയ്യുകയായിരുന്നു.