ചെന്നൈ : ശ്രീലങ്കൻ നാവികസേനയുടെ കപ്പൽ ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് രാമേശ്വരത്ത് മീൻപിടിത്തക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.
പ്രശ്നത്തിൽ കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
കാണാതായ മീൻപിടിത്തക്കാരെ കണ്ടെത്താൻ ഇന്ത്യ ഉടൻ നടപടിയെടുക്കണമെന്നും ബോട്ടുടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും യന്ത്രവത്കൃത ബോട്ട് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, കാണാതായ മത്സ്യത്തൊഴിലാളി രാമചന്ദ്രനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കപ്പൽ ആക്രമണത്തിൽ രാമേശ്വരം സ്വദേശി മലൈസാമിയാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഇന്ത്യ-ശ്രീലങ്ക സമുദ്രാതിർത്തിക്കടുത്താണ് അപകടമുണ്ടായത്. ശ്രീലങ്കൻ നാവികസേന റോന്തുചുറ്റിയ കപ്പൽ തമിഴ് മീൻപിടിത്തക്കാരുടെ ബോട്ടിനെ ഇടിച്ചിടുകയായിരുന്നു.