ചെന്നൈ : മുൻമുഖ്യമന്ത്രിയും പാർട്ടിയധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ആറാം ചരമവാർഷികദിനത്തിൽ ഡി.എം.കെ. അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
എല്ലാ ജില്ലകളിലും അനുസ്മരണ യോഗങ്ങൾ നടത്തി. ചെന്നൈ ഓമന്തൂരാർ സർക്കാർ ആശുപത്രി വളപ്പിലുള്ള കരുണാനിധിയുടെ പ്രതിമയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ പൂക്കളർപ്പിച്ചുകൊണ്ട് അനുസ്മരണത്തിന് തുടക്കിട്ടു.
പിന്നീട് ഇവിടെനിന്ന് മറീനയിലുള്ള കരുണാനിധി സ്മാരകംവരെ പദയാത്ര നടത്തി.
സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയിൽ കായികമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി, മന്ത്രിമാരായ കെ. പൊൻമുടി, കെ.എൻ. നെഹ്‌റു, ഇ.വി. വേലു, തങ്കം തെന്നരശ്, മുതിർന്ന ഡി.എം.കെ. നേതാക്കളായ ആർ.എസ്. ഭാരതി, എ. രാജ, ദയാനിധി മാരൻ തുടങ്ങിയവർ അണിനിരന്നു. കരുണാനിധി സ്മാരകത്തിലും പൂക്കളർപ്പിച്ച നേതാക്കൾ അണ്ണാദുരൈ സമാധിയിലും സന്ദർശനം നടത്തി.