ചെന്നൈ : നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻ തുറയിലേക്ക് സർവീസ് നടത്താനെത്തിയ ‘ശിവഗംഗ’ എന്ന യാത്രാക്കപ്പൽ ശനിയാഴ്ച പരീക്ഷണയാത്രനടത്തി. ഓഗസ്റ്റ് 15-നുശേഷം സ്ഥിരം സർവീസ് തുടങ്ങുമെന്നാണ് അറിയുന്നത്.
കപ്പൽ സർവീസിന്റെ ചുമതലയേറ്റെടുത്ത ഇൻഡ് ശ്രീ ഫെറി സർവീസസിനുവേണ്ടി അന്തമാനിൽനിന്നാണ് ശിവഗംഗ എത്തിയത്. ചൊവ്വാഴ്ച നാഗപട്ടണത്തെത്തിയ കപ്പൽ, മതിയായ പരീക്ഷണങ്ങൾക്കുശേഷമാണ് പരീക്ഷണയാത്ര നടത്തിയത്.
ഞായറാഴ്ച രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെട്ട കപ്പൽ 12-ന് കാങ്കേശൻ തുറയിലെത്തി. വൈകീട്ട് നാലിനായിരുന്നു മടക്കയാത്ര.
കഴിഞ്ഞവർഷം ഒക്ടോബർ 14-നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പൽ സർവീസ് ഉദ്ഘാടനംചെയ്തത്. കെ.പി.വി.എസ്. പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു സർവീസിന്റെ ചുമതല.
ലക്ഷദ്വീപിൽ സർവീസുനടത്തിയിരുന്ന ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലാണ് യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്കുശേഷം സർവീസ് നിർത്തിവെക്കുകയും അത് പുനരാരംഭിക്കുന്നത് നീണ്ടുപോവുകയുമായിരുന്നു.
പുതിയകപ്പലിൽ സാധാരണ ക്ലാസിൽ 133 സീറ്റും പ്രീമിയം ക്ലാസിൽ 27 സീറ്റുമാണുള്ളത്. ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്ക് യഥാക്രമം 5000 രൂപയും 7500 രൂപയുമായിരിക്കും എന്നാണ് അറിയുന്നത്.
60 കിലോഗ്രാം വരുന്ന സാധനങ്ങൾ ലഗേജായും അഞ്ചുകിലോഗ്രാം ഹാൻഡ് ബാഗ് ആയും കൊണ്ടുപോകാം.
കഴിഞ്ഞവർഷം സർവീസ് തുടങ്ങിയപ്പോൾ നികുതിയടക്കം 7670 രൂപയായിരുന്നു ഒരുവശത്തേക്കുള്ള ടിക്കറ്റുനിരക്ക്. ഇന്ത്യയിൽ വേരുകളുള്ള ശ്രീലങ്കൻ തമിഴരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് തമിഴ്‌നാട്ടിൽനിന്നുള്ള കപ്പൽ സർവീസ്.